ഗുരുവായൂർ: മൂന്നു പതിറ്റാണ്ടായി വാഗ്ദാനങ്ങളിൽ ഒതുങ്ങിയ ഗുരുവായൂർ - തിരുനാവായ പാതയ്ക്കു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. പാത മരവിപ്പിച്ച 2019ലെ നടപടി റദ്ദാക്കിയ റെയിൽവേ തുടർനടപടികൾ ഉടൻ തുടങ്ങാൻ നിർദേശംനൽകി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കേയാണു നടപടി.
ജനങ്ങളുടെ ആയിരക്കണക്കിനു നിവേദനങ്ങളാണു ലഭിച്ചതെന്നും ആവശ്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി നേരിട്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതി മരവിപ്പ് (ഡീ-ഫ്രീസിംഗ്) നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എന്നാൽ, കഴിഞ്ഞവർഷം ജൂണിൽത്തന്നെ മരവിപ്പിക്കൽ റദ്ദാക്കണമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് റെയിൽവേ ബോർഡിനു ശിപാർശ നൽകിയിരുന്നു. തീർഥാടന കേന്ദ്രമായ ഗുരുവായൂരിലേക്കു സുഗമമായി എത്താനുള്ള റെയിൽമാർഗമെന്ന നിലയിൽ തിരുനാവായ പാതയെ പരിഗണിക്കാമെന്നായിരുന്നു ശിപാർശ.
35 കിലോമീറ്ററോളം വരുന്ന പദ്ധതി ഇഴയുന്നതു ചൂണ്ടിക്കാട്ടിയാണു റെയിൽവേ പദ്ധതി മരവിപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്തംഭിച്ചിരുന്നു. കഴിഞ്ഞ ബജറ്റുകളിൽ ഗുരുവായൂർ- തിരുനാവായ പാതയ്ക്ക് 45 കോടിയോളം വകയിരുത്തിയെങ്കിലും ഉത്തരവ് നിലനിന്നതിനാൽ തുക വിനിയോഗിക്കാൻ കഴിഞ്ഞില്ല.
1982ൽ ആണ് പദ്ധതിയുടെ പ്രഖ്യാപനം ആദ്യം വന്നത്. ഗുരുവായൂർ-കുറ്റിപ്പുറം പാതയെന്നായിരുന്നു പേര്. 1995 ഡിസംബർ 17നു റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് കൽമാഡി കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഏറെ പ്രതീക്ഷ നൽകുന്ന വടക്കോട്ടുള്ള പാതയ്ക്കു തറക്കല്ലിട്ടു. ആ വർഷം കേന്ദ്ര ബജറ്റിൽ 37 കോടി വകയിരുത്തി. ഈ പദ്ധതിക്കൊപ്പം തറക്കല്ലിട്ട തമിഴ്നാട്ടിലെയും കർണാടകത്തിലെയും പാതകളിൽകൂടി ട്രെയിൻ ഓടിത്തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞു.