x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യമന്ത്രി കിച്ചൻ ക്യാബിനറ്റ് മന്ത്രി, പിണറായിയെ പ്രകീർത്തിച്ചു കിട്ടിയ മന്ത്രിസ്ഥാനം: ഒ.ജെ. ജനീഷ്


Published: February 21, 2026 05:39 PM IST | Updated: February 21, 2026 05:43 PM IST

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ശക്തമായ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ. ജെ. ജനീഷ് . ആരോഗ്യവകുപ്പ് മരണപ്പെട്ടു അതുകൊണ്ടാണ് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ റീത്ത് വച്ച് പ്രതിഷേധം നടത്തിയതെന്നും ജനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ പൊതുജന ആരോഗ്യത്തെ പരിഗണിച്ച് മന്ത്രി രാജിവയ്ക്കണം. പിണറായിയെ പ്രകീർത്തിച്ച് കിട്ടിയ മന്ത്രിസ്ഥാനം ആണ് ആരോഗ്യമന്ത്രിയുടെത്. ആരോഗ്യമന്ത്രി കിച്ചൻ ക്യാബിനറ്റ് മന്ത്രിയണെന്ന് വിമർശിച്ച ഒ. ജെ. ജനീഷ് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത നടപടിയിലും പ്രതിഷേധം അറിയിച്ചു.

നിരന്തരമായി ഉണ്ടാകുന്ന ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ തിങ്കളാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ജനീഷ് പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസിന്റെ ഒമ്പത് പ്രവർത്തകർ റിമാൻഡിൽ ആണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്‍റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.

രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവ‌ർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവ‌ർത്തകർ ജീപ്പ് തടഞ്ഞുവച്ചു.

വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്‍റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്‍റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കാലിലും ജീപ്പ് കയറി.

സംഭത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്‍റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ,ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.

Tags : Health Minister position pinarayi vijayan oj janeesh

Recent News

Corehub Up