പരവൂർ: ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന നവീകരിച്ച റിസർവേഷൻ സംവിധാനം ഓഗസ്റ്റ് മുതൽ പ്രവർത്തനസജ്ജമാകും. 1986-ൽ തുടക്കം കുറിച്ച നാലു പതിറ്റാണ്ട് പഴക്കമുള്ള നിലവിലെ റിസർവേഷൻ രീതിക്കു പകരം അത്യാധുനിക സാങ്കേതികവിദ്യയിലൂന്നിയ സംവിധാനമാണു വരിക.
ഡൽഹി റെയിൽ ഭവനിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ യാത്രക്കാർക്കു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകി.
കഴിഞ്ഞ 40 വർഷത്തിനിടെ റെയിൽവേ ടിക്കറ്റിംഗ് രംഗത്ത് വലിയ വിപ്ലവമാണുണ്ടായത്. 2002-ൽ ഇന്റർനെറ്റ് അധിഷ്ഠിത ടിക്കറ്റിംഗ് ആരംഭിച്ചതോടെ കൗണ്ടറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിലവിൽ രാജ്യത്തെ ടിക്കറ്റ് ബുക്കിംഗിന്റെ 88 ശതമാനവും ഓൺലൈൻ വഴിയാണ്.
ഈ രംഗത്തെ പുതിയ കുതിച്ചുചാട്ടമായ റെയിൽ വൺ മൊബൈൽ ആപ്പ് ഇതിനോടകം മൂന്നര കോടിയിലധികം യാത്രക്കാർ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ആപ്പ് വഴി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യത 94 ശതമാനം കൃത്യതയോടെ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും എന്നത് വലിയ നേട്ടമാണ്. മുൻപ് ഇത് 53 ശതമാനമായിരുന്നു.
ടിക്കറ്റ് ബുക്കിംഗ്, റദ്ദാക്കൽ, തത്സമയ ട്രെയിൻ വിവരം, പരാതി പരിഹാരത്തിനുള്ള റെയിൽ മദദ് എന്നിവയ്ക്കു പുറമേ, യാത്രയ്ക്കിടയിൽ സീറ്റിലിരുന്നുതന്നെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ഏകോപിപ്പിച്ചിട്ടുണ്ട്.
നിലവിൽ പ്രതിദിനം ഒൻപത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് മൊബൈൽ ആപ്പ് വഴി മാത്രം ബുക്ക് ചെയ്യുന്നത്.
ഇതിനൊപ്പം സാധാരണക്കാരായ യാത്രക്കാർക്കു വലിയ സാമ്പത്തിക ആശ്വാസമാണു റെയിൽവേ നൽകുന്നത്. 2024–25 കാലയളവിൽ മാത്രം 60,239 കോടി രൂപയുടെ സബ്സിഡിയാണ് ടിക്കറ്റ് നിരക്കിൽ യാത്രക്കാർക്ക് നൽകിയത്.
അതായത്, റെയിൽവേയ്ക്ക് 100 രൂപ ചെലവ് വരുന്ന ഒരു സേവനത്തിനു യാത്രക്കാരിൽനിന്ന് ശരാശരി 57 രൂപ മാത്രമാണ് ഈടാക്കുന്നത്. ഓരോ യാത്രക്കാരനും ശരാശരി 43 ശതമാനം യാത്രാ ഇളവ് ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Tags : Historic railway reservation Indian Railway Historic change