വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും ആദിമസഭയിൽ നേരിട്ടിരുന്ന വിഷയങ്ങളിൽ ഒന്ന്, ക്രിസ്തുവിനെ അറിഞ്ഞു മാനസാന്തരപ്പെട്ട് വിശുദ്ധ ജീവിതത്തിലേക്കു വന്നവർ ഒരു പ്രത്യേക സാഹചര്യത്തിൽ പഴയ ജീവിതരീതികളിലേക്കു മടങ്ങിപ്പോകുന്ന പ്രവണതയായിരുന്നു.
ഹെബ്രായ സഭയിലും ജെറൂസലെം സഭയിലും തുർക്കിയിലും സ്മിർണയിലെ സഭകളിലുമൊക്കെ ഈ പിന്തിരിഞ്ഞു പോകുന്നവർ സഭയുടെ ആശങ്കയായിരുന്നു."നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവു മൂലം അവർ ലോകത്തിന്റെ മാലിന്യങ്ങളിൽനിന്നു രക്ഷ പ്രാപിച്ചതിനു ശേഷം, വീണ്ടും അവയിൽ കുരുങ്ങുകയും അവയാൽ തോൽപ്പിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനേക്കാൾ മോശമായിരിക്കും'(2 പത്രോസ് 2:20).
► പിന്മാറുന്നതിനേക്കാൾ നല്ലത്
അറിഞ്ഞിട്ട് അതിൽനിന്നു പിന്മാറുന്നതിനേക്കാൾ അവർക്കു നല്ലത് ഇതേക്കുറിച്ച് അറിയാതിരിക്കുന്നതായിരുന്നു. ഛർദ്ദിച്ചതിലേക്കുതന്നെ നായ വീണ്ടും വരുന്നു. കുളിച്ച പന്നി ചെളിയിൽ വീണ്ടും ഉരുളുന്നു. ഇത്രയും കർശനമായ വിമർശനത്തോടെയാണ് പത്രോസ് ഈ പിന്മാറ്റക്കാരെ പരാമർശിക്കുന്നത്. വീണുപോയാൽ ‘അവർ മനഃപൂർവം ദൈവപുത്രനെ കുരിശിൽ തറയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണ്’ എന്ന് ഹെബ്രായ ലേഖകനും "പിന്മാറുകയാണെങ്കിൽ’എന്നതിനു പിന്നാലെ പത്രോസും തങ്ങളുടെ ലേഖനങ്ങളിൽ പറയുന്നത് ഒരേ കാര്യമാണ്. പൗലോസ് വീണ്ടും വീണുപോയവരുടെ എരിഞ്ഞമരലിനെക്കുറിച്ചു പറയുന്പോൾ പത്രോസ് പറയുന്നത് ‘നായ ഛർദിച്ചതിലേക്കുതന്നെ വീണ്ടും വരുന്നു’ എന്നാണ്.
നോന്പ് ദിനങ്ങളിൽ വിശുദ്ധിയോടെ ജീവിച്ച ശേഷം ഉയിർപ്പ് തിരുനാളിനു പിന്നാലെ വീണ്ടും എല്ലാ മ്ലേച്ഛതകളിലേക്കും തിരിച്ചുപോകുന്ന ആളുകൾ സമാന സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. നികൃഷ്ടമായ മൃഗങ്ങളേക്കാൾ ഗതികെട്ടവരായിട്ടാണ് ഒരിക്കൽ പ്രകാശം ലഭിച്ചവർ വീണുപോകുന്പോൾ ബൈബിൾ വിശേഷിപ്പിക്കുന്നത്. നോന്പ് തീരാൻ പോവുകയാണ്. ആർജിച്ച വിശുദ്ധിയും കൃപയും നിലനിർത്താൻവേണ്ടി ബോധപൂർവം പരിശ്രമിക്കാം.
Tags : Hridayavazhi Kalvari mud again