കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. ഐആർഐഎസ് ലാവൺ എന്ന പടക്കപ്പലാണ് നങ്കൂരമിട്ടത്.
കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതമായി നാവികതാവളത്തിലേക്ക് മാറ്റിയതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. സമാനമായ രീതിയിൽ ഇറാന്റെ മറ്റൊരു കപ്പലായ ഐആർഐഎസ് ബുഷർ കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് എത്തിയിരുന്നു.
സാങ്കേതിക തകരാറുകൾ കാരണമാണ് കപ്പൽ കൊച്ചി തുറമുഖത്ത് അടുപ്പിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 28ന് ഇറാൻ നൽകിയ അഭ്യർഥന പരിഗണിച്ച് മാർച്ച് ഒന്നിന് കപ്പൽ കൊച്ചി തീരത്ത് നങ്കൂരമിടാൻ കേന്ദ്രം അനുമതി നൽകുകയായിരുന്നു.
ഫെബ്രുവരി 26ന് ഐആർഐഎസ് ലാവണും ഐആർഐഎസ് ബുഷറും മുംബൈയിൽ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇറാന്റെ കപ്പലായ ഐറിസ് ദേനയെ ശ്രീലങ്കൻ തീരത്തുവച്ച് യുഎസ് ആക്രമിച്ചിരുന്നു.
ആണവ അന്തർവാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം. വിശാഖപട്ടണത്തുനടന്ന മിലൻ 2026 നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് ഇറാൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടത്.
Tags : Iranian warship iris lavan kochi port