കണ്ണൂർ: വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ രണ്ടു പ്രതികൾ 10 വർഷത്തിനുശേഷം അറസ്റ്റിൽ. ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂര്‍ മൊയ്തീന്റെ ഭാര്യ സബീന മന്‍സിലില്‍ കുഞ്ഞാമിന കൊല്ലപ്പെട്ട കേസിലാണ് മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശിനികളായ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പർവീൺ ബാനുവിന്റെ മകൻ അബാസ് അലിയെ ഇനി പിടികൂടാനുണ്ട്.
കണ്ണൂർ ക്രൈം ബ്രാഞ്ച് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എസ്പി എ. ബാലകൃഷ്ണൻ നായർ, ഡിവൈഎസ്പി സുധീർ കല്ലൻ, സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ റൗഫ്, ഗിരീഷ്, സുധീഷ്, എഎസ്ഐ മഞ്ജുള എന്നിവരുടെ നേതൃത്വത്തിലാണ് ഉജ്ജയിനിൽനിന്ന് പ്രതികളെ പിടികൂടിയത്. കണ്ണൂരിൽ എത്തിച്ച പ്രതികളെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
►ഏഴ് ഭാഷകൾ സംസാരിക്കും, മാറിമാറി സഞ്ചാരം◄
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിന് പുറമെ കാസർഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ചു പോലീസിന് പിടികൊടുക്കാതെ 10 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു.
ഹൈദരാബാദ് മേൽവിലാസത്തിൽ സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നീ വ്യാജപേരുകളായിരുന്നു ഒളിവിൽ കഴിയാൻ ഉപയോഗിച്ചിരുന്നത്.
►കുഞ്ഞാമിന കൊല്ലപ്പെട്ടത് കവർച്ചയ്ക്കിടെ◄
2016 ഏപ്രിൽ 30നാണ് ഇരിക്കൂർ സിദ്ദീഖ് നഗർ സ്വദേശിനി കുഞ്ഞാമിന കവര്‍ച്ചയ്ക്കിടെ അതിദാരുണമായി കൊല്ലപ്പെടുന്നത്. കുഞ്ഞാമിനയുടെ വീട്ടുപറമ്പിലെ വാടക വീട്ടിൽ വസ്ത്രവ്യാപാരികൾ എന്ന പേരിൽ താമസിച്ച രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തിൽ ഇരിക്കൂർ പോലീസിന് മനസിലായിരുന്നു. വയറിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി 19 കുത്തുകളേറ്റിരുന്നു. കുഞ്ഞാമിനയുടെ ദേഹത്തുണ്ടായിരുന്ന പത്തു പവനോളം സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശിലെ ഓംഗോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെനിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി കേരളത്തിലേക്കു കടക്കുകയായിരുന്നു. പ്രതികൾ വ്യാജരേഖകൾ നൽകിയാണ് ക്വാർട്ടേഴ്സ് വാടകയ്ക്ക് എടുത്തത്. തുടർന്ന് ഇവർ കുഞ്ഞാമിനയുമായി സൗഹൃദത്തിലായി. എന്നാൽ, കുഞ്ഞാമിനയുടെ കൊലപാതകത്തിനുശേഷം ഇവർ ഏത് സംസ്ഥാനക്കാരാണെന്നുപോലും പോലീസിന് വ്യക്തമായിരുന്നില്ല.
►വർഷങ്ങളുടെ അന്വേഷണം◄
ആദ്യനാളുകളില്‍ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിന്റെ സഹായത്തോടെ പതിനാലു സംസ്ഥാനങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകം നടത്തിയശേഷം മൂവർസംഘം അന്ന് രാവിലെ ഒന്‍പതരയ്ക്ക് ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞുപോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. രാവിലെ എട്ടിനും ഒന്പതരയ്ക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിരുന്നു. കൊലനടന്ന ദിവസം ഇരിക്കൂറില്‍നിന്ന് ഓട്ടോറിക്ഷയില്‍ രാവിലെ 10.45ന് എത്തിയ സംഘം ഇവിടെ പ്രകാശ് ജംഗ്ഷനില്‍ നില്ക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനു ശേഷം സംഘം മഹാരാഷ്ട്രയിലേക്ക് പോയെന്നായിരുന്നു ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പോലീസിന് വ്യക്തമായത്. തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തിലുമെത്തി. ഇവിടെനിന്നു രാജസ്ഥാനിലെ അജ്മീറിലെത്തിയവർ 21 മുതല്‍ വീണ്ടും റായ്ഗുഡിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം എങ്ങോട്ടുപോയെന്ന് വ്യക്തമായ വിവരമൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.
►സാങ്കേതികവിദ്യയിലൂടെ പ്രതികളിലേക്ക്◄
ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയ്ക്ക് ഉള്‍പ്പെടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയായതോടെ നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും പ്രക്ഷോഭമാരംഭിക്കുകയും ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസ് 2024ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാൻ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഈ കേസ് ഏറ്റെടുത്തപ്പോൾ തന്നെ അന്വേഷണത്തിനായി എഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം. പ്രതികളുടെ ആധാർകാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ സംഘത്തിന് ലഭിച്ചു. പിന്നീട്, ഇൻസ്റ്റഗ്രാം ഉൾപ്പെടയുള്ള സോഷ്യൽമീഡിയ വഴിയാണ് പ്രതികളിലേക്കെത്തിയത്.
Tags : Madhya Pradesh Ujjain Irikur Accused arrested Kunjamina murder