പാലക്കാട്: വയനാട്ടിലെ ദുരിതബാധിതർക്ക് കേരള സർക്കാർ നിർമിച്ചു നൽകിയ വീടിന്‍റെ താക്കോൽദാന ചടങ്ങിൽ ടി.സിദ്ദിഖ് പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ലെന്ന് മന്ത്രി കെ.രാജൻ. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദിഖിനെ പരാമർശിച്ചല്ല പറഞ്ഞത്. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ ചിലർ ട്രോളുകൾ ഉണ്ടാക്കി. തറക്കല്ലിട്ട് പോകുന്നവരല്ല എന്ന് സർക്കാർ തെളിയിച്ചുവെന്നും രാജൻ കൂട്ടിച്ചേര്‍ത്തു.
എന്നാൽ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വീടുകൾ വച്ച് കൊടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. സിദ്ദിഖിനെതിരെ കൂവിയത് കൂലിക്ക് എടുത്തവരാണ്.
ദുരന്തം ഉണ്ടായപ്പോൾ ജനങ്ങളുടെ കൂടെ നിന്ന ആളാണ് എംഎൽഎ. ആദ്യം വീട് വച്ച് നൽകിയത് മുസ്‍ലിം ലീഗ് ആണ്. സർക്കാർ സ്ഥലം നൽകുമെന്ന് കെപിസിസി കരുതി. അത് കിട്ടാതെ വന്നപ്പോഴാണ് സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തിയതെന്നും സതീശൻ വ്യക്തമാക്കി.
Tags : k rajan t siddique wayanad