കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർഥിനിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അപകട വിവരം മനസിലാക്കിയിട്ടും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ സിറിയക് ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.
സിറിയക്കിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്ന ജാസ്ലിയായെ കഴിഞ്ഞ 28നാണ് സിറിയക് ഓടിച്ച കാറിടിച്ചത്. പാർട്ടൈം ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങും വഴിയാണ് സംഭവം.
റോഡിൽ രക്തംവാർന്ന് കിടന്ന വിദ്യാർഥിനിയെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ജാസ്ലിയ മരിച്ചു. അതേസമയം ജാസ്ലിയായുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പോലീസിന്റെ വീഴ്ചയിൽ അന്വേഷണം നടത്താൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദ്ദേശം നൽകി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രതിയെ തിരിച്ചറിയുന്നതിലും കാലതാമസം ഉണ്ടായോയെന്ന് പരിശോധിക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ചയാണ് ഡോ.സിറിയക്കിനെ വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
Tags : Jasliya death accident police case arrest cyriac george court