കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പുനരന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്വേഷണം അവസാനിപ്പിച്ചെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച കേസിലാണ് യുഡിഎഫ് സർക്കാർ വീണ്ടും അന്വേഷണം നടത്താൻ തീരുമാനിച്ചത്.
പ്രത്യേകസംഘം രൂപീകരിച്ച് കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എംഎൽഎ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകിയിരുന്നു.
കൂടാതെ എൽഡിഎഫ് സർക്കാരിന്റെ അവസാന അഞ്ച് വർഷത്തിനുള്ളിൽ അന്വേഷണം അവസാനിപ്പിച്ച വിവാദമായ കേസുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പുനരന്വേഷണം നടത്താനും പ്രത്യേക സംഘത്തെ രൂപീകരിക്കുന്നതിനും നീക്കം നടക്കുന്നത്. ഇക്കാര്യം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് വിവാദമായ സംഭവമുണ്ടായത്. വടകര എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയെ അധിക്ഷേപിക്കുന്ന തരത്തിൽ സ്ക്രീൻ ഷോട്ട് പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ സ്ക്രീൻഷോട്ട് ആര് സൃഷ്ടിച്ചുവെന്നത് ഇപ്പോഴും കണ്ടെത്താൻ പോലീസിനായിട്ടില്ല.
Tags : Kafir screenshot case Special team