കോട്ടയം: ഈശോയുടെ മനുഷ്യാവതാര ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി ക്നാനായ സമുദായത്തിന്റെ കെട്ടുറപ്പും വളര്‍ച്ചയും ലക്ഷ്യമാക്കി ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്, കെസിഡബ്ല്യുഎ, കെസിവൈഎല്‍ സംഘടനകളുടെ നേതൃത്വത്തില്‍ ക്നാനായ കത്തോലിക്ക സമുദായ കുടുംബസംഗമവും സമുദായ ശക്തീകരണ വര്‍ഷ ഉദ്ഘാടനവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
സംഗമത്തോടനുബന്ധിച്ച് മെഗാ മാര്‍ഗംകളി, നടവിളി, പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി, പൊതുസമ്മേളനം, ആദരിക്കല്‍, സ്നേഹവിരുന്ന്, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. രാഷ്ട്രീയ, സാമൂഹ്യ, സമുദായ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പതാക ഉയര്‍ത്തല്‍. 2.45ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജൂബിലി വര്‍ഷാചരണത്തെ അനുസ്മരിച്ച് 2025 പേര് അണിനിരക്കുന്ന മെഗാ മാര്‍ഗംകളി അരങ്ങേറും. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ദീപം തെളിക്കും. ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ സന്ദേശം നല്‍കും.
2.55ന് നടവിളി. മൂന്നിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും ബിസിഎം കോളജ് ഓഡിറ്റോറിയത്തിലേക്ക് ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി. ഷെവ. ജോയി ജോസഫ് കൊടിയന്തറ ഫ്ലാഗ് ഓഫ് ചെയ്യും. മലബാര്‍ ഉള്‍പ്പെടെ 14 ഫൊറോനകളില്‍നിന്ന് ഏഴായിരത്തിലധികം സമുദായാംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കും.
4.15ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പെടത്തുമലയിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ ആമുഖപ്രസംഗം നടത്തും. മന്ത്രി വി.എന്‍. വാസവന് മുഖ്യാതിഥിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് വിശിഷ്ടാതിഥിയുമായിരിക്കും.
അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും അതിരൂപത സിഞ്ചെല്ലൂസുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി മലബാര്‍ റീജൺ ചാപ്ലയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, കെഎസ്എംഡിഎഫ്സി ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്, വൈദിക സമിതി സെക്രട്ടറി ഫാ. ഏബ്രഹാം പറമ്പേട്ട്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം, കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി സിറിയക്, കെസിവൈഎല്‍ പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കെസിസി മലബാര്‍ റീജൺ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ പ്രസംഗിക്കും.
കെസിസി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് സ്വാഗതവും ട്രഷറര്‍ ജോണ്‍ തെരുവത്ത് നന്ദിയും പറയും. സമ്മേളനത്തെത്തുടര്‍ന്ന് കലാസന്ധ്യ. ചലച്ചിത്ര സംവിധായകന് ദിലീഷ് പോത്തന്, മിസ് ഇന്ത്യ ലിസ് ജെയ്മോന്, ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരെ ആദരിക്കും.
പത്രസമ്മേളനത്തില്‍ പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസും കെസിസി ചാപ്ലയിനുമായ ഫാ. തോമസ് ആനിമൂട്ടില്‍, കെസിസി പ്രസിഡന്റ് ബാബു പറമ്പെടുത്തുമലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ട്രഷറര്‍ ജോണ്‍ തെരുവത്ത്, വൈസ് പ്രസിഡന്റ് ടോം കരികുളം, എഐസിയു പ്രതിനിധി ബിനു ചെങ്ങളം എന്നിവര്‍ പങ്കെടുത്തു.
Tags : Knanaya Catholic Community Knanaya Catholic Family Association