ബിജു പ്രഭാകര്‍, ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തേക്ക്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിന്റെ പേരാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. തിങ്കളാഴ്ചയാണ് ബെഹ്റയുടെ കാലാവധി തീരുന്നത്.
അതേസമയം, ബെഹ്റയുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്കാൻ സമ്മര്‍ദമുണ്ടായെങ്കിലും വഴങ്ങേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയിലും മികച്ച പ്രകടനം കാഴ്ച വച്ച ബിജു പ്രഭാകറിനൊപ്പം ജിജി തോംസണെയും പരിഗണിച്ചുവെങ്കിലും കിഫ്ബി സിഇഒയായി ജിജി തോംസണെ പരിഗണിക്കാനാണ് സാധ്യത.
ബിജു പ്രഭാകറിനെ നിയമിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായെന്ന് അറിയുന്നു. 2004 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ബിജു പ്രഭാകര്‍, 2025 ഏപ്രിലില്‍ കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായാണ് വിരമിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജു പ്രഭാകറിനോട് കെഎംആര്‍എല്ലിന്റെ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം മനസ് തുറന്നിട്ടില്ല.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ചതിനു പിന്നാലെയാണ് 2021 ഓഗസ്റ്റില്‍ ബെഹ്റയെ കെഎംആര്‍എല്‍ എംഡിയായി മൂന്നു വര്‍ഷത്തേക്ക് നിയമിച്ചത്. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും പിണറായി സര്‍ക്കാര്‍ രണ്ടു വര്‍ഷത്തെ കാലാവധി നീട്ടി നല്കി.
2019 സെപ്റ്റംബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ച അല്‍കേഷ് കുമാര്‍ ശര്‍മയുടെ പിന്‍ഗാമിയായാണ് ബെഹ്റ കൊച്ചി മെട്രോതലപ്പത്ത് എത്തുന്നത്. അന്ന് ആരോപണമുയര്‍ന്ന പല കേസുകളിലും പിണറായി വിജയന് കേന്ദ്രത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ബെഹ്റ ആയിരുന്നുവെന്നും അതിനാലാണ് വിരമിച്ചതിനു പിന്നാലെ കൊച്ചി മെട്രോ എംഡിയാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
എംഡി സ്ഥാനത്ത് കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കേയാണ് കൊച്ചി മെട്രോയുടെ പേര് മാറ്റി കേരളം മെട്രോ ആക്കണമെന്ന ശിപാര്‍ശ ബെഹ്റ സര്‍ക്കാരിനു നല്‍കിയത്. നാഗ്പുർ മെട്രോ മഹാരാഷ്ട്ര മെട്രോ ആയും ലഖ്നൗ മെട്രോ ഉത്തർപ്രദേശ് മെട്രോ ആയും അഹമ്മദാബാദ് മെട്രോ ഗുജറാത്ത് മെട്രോ ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് നീക്കം.
കൊച്ചി: നഗരത്തിന്റെ പൊതുഗതാഗത രംഗത്ത് നിർണായക മാറ്റങ്ങൾക്കു വഴിയൊരുക്കിയ കൊച്ചി മെട്രോയുടെ അമരത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്നു.
മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവശേഷിച്ച നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും വാട്ടർ മെട്രോ അടക്കമുള്ള രാജ്യത്തിനു മാതൃകയായ പദ്ധതികൾ ആരംഭിക്കുന്നതിലും ചുക്കാൻ പിടിച്ച ബെഹ്റ കാക്കനാട്ടേക്കുള്ള മെട്രോയുടെ ആദ്യയാത്രയ്ക്ക് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പടിയിറങ്ങുന്നത്.
നാളെമുതൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക കെഎംആർഎൽ മാനേജിംഗ് ഡയറക്ടറുടെ ചുമതലകൂടി വഹിക്കും.
2021 ഓഗസ്റ്റ് 31 നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഏഴാമത്തെ മാനേജിംഗ് ഡയറക്ടറായി ലോക്നാഥ് ബെഹ്റ ചുമതലയേൽക്കുന്നത്. മൂന്നു വർഷത്തേക്കായിരുന്നു ആദ്യ നിയമനം. പിന്നീട് അദ്ദേഹത്തിനു കാലാവധി നീട്ടി നൽകി. നീണ്ട അഞ്ചു വർഷക്കാലം അദ്ദേഹം കെഎംആർഎല്ലിനെ നയിച്ചു. കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കുൾപ്പടെ സർവീസ് തുടങ്ങുന്നത് ബെഹ്റയുടെ കാലയളവിലാണ്. വാട്ടർ മെട്രോ സർവീസ് യാഥാർഥ്യമായതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ടിക്കറ്റിതര വരുമാനത്തിന് ഊന്നൽ നൽകി ഒട്ടേറെ പദ്ധതികളും കൊച്ചി മെട്രോയിൽ ആവിഷ്കരിച്ചു നടപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ബെഹ്റയുടെ കാലഘട്ടത്തിലാണ് കൊച്ചി മെട്രോ ആദ്യമായി പ്രവർത്തനലാഭത്തിലെത്തുന്നതും. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഫീഡർ ബസ് സർവീസുകൾ ആരംഭിക്കുകയും അവയെ ഏകോപിപ്പിച്ചു നഗരത്തിൽ സമഗ്രമായ ഗതാഗത ശൃംഖല രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.
Tags : KochiMetro MD Replaced BijuPrabhakar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash LoknathBehera