കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വാടക കുടിശികയെയും നിരക്ക് വർധനയെയും ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ, കേരള ബ്ലാസ്റ്റേഴ്സ് അധികൃതരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി ഓഫീസ് പൂട്ടി ജിസിഡിഎ.
ഐഎസ്എൽ സീസണിലെ ആദ്യ ഹോം മത്സരത്തിന് തൊട്ടുമുമ്പാണ് സംഭവം. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനം നടത്താൻ സ്റ്റേഡിയത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകനെയും താരങ്ങളെയും മാധ്യമപ്രവർത്തകരെയും ജിസിഡിഎ സുരക്ഷാ ജീവനക്കാർ പുറത്താക്കി ഹാൾ പൂട്ടി.
ഒരു മത്സരത്തിന് രണ്ട് ലക്ഷം രൂപ വാടക നിശ്ചയിച്ചിരുന്ന സ്ഥാനത്ത്, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അത് 4.2 ലക്ഷമായി ഉയർത്തിയതാണ് തർക്കം. കൂടാതെ കഴിഞ്ഞ സീസണിലെ നാശനഷ്ടങ്ങൾ വകയിൽ 25 ലക്ഷത്തോളം രൂപ കൂടി നൽകണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു.
എന്നാൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ തിരുവാതിര പോലുള്ള കായികേതര പരിപാടികൾ കാരണമാണ് നാശനഷ്ടങ്ങൾ ഉണ്ടായതെന്നും, അതിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെക്കരുതെന്നുമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുന്നത്.
Tags : Kerala Blasters