ചങ്ങനാശേരി: സഭാസ്നേഹത്തിന്റെ അഗ്നിയും സുറിയാനി പൈതൃകത്തിന്റെ വിജ്ഞാനകോശവുമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച “ഭാരതത്തിന്റെ വലിയ മല്പാൻ’’ ഫാ. ഡോ. തോമസ് കൂനമ്മാക്കലെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സീറോമലബാർ സഭയിലെയും ആഗോള സുറിയാനി പണ്ഡിതലോകത്തെയും തേജോമയമായ ഒരു നക്ഷത്രം അസ്തമിച്ചിരിക്കുന്നു. അഗാധമായ പാണ്ഡിത്യവും സന്യാസതുല്യമായ ജീവിതലാളിത്യവുംകൊണ്ടാണ് “ഭാരതത്തിന്റെ വലിയ മല്പാൻ’’ എന്ന വിശേഷണത്തിന് കൂനമ്മാക്കൽ തോമാ കത്തനാർ അർഹനായത്. സുറിയാനി പാരമ്പര്യത്തിന്റെയും ആരാധനാക്രമത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത വക്താവായിരുന്നു തോമാച്ചൻ.
വിജ്ഞാനദാഹിയായ ഒരു വിദ്യാർഥിയായും വിജ്ഞാനം പകർന്നുനൽകുന്ന ഉത്തമനായ ഗുരുവായും അദ്ദേഹം തിളങ്ങി. നസ്രാണി സഭാ ചരിത്രത്തിലും സഭാ പിതാക്കന്മാരുടെ ദർശനങ്ങളിലും അദ്ദേഹം ഒരു വിജ്ഞാനകോശം തന്നെയായിരുന്നു.വിജ്ഞാനം കേവലം പുസ്തകങ്ങളിൽ ഒതുക്കാതെ, അത് ജീവിതചര്യയാക്കി മാറ്റിയ സന്യാസശ്രേഷ്ഠനായിരുന്നു അദ്ദേഹം.
സുറിയാനി സന്ന്യാസജീവിതത്തിന്റെ തനിമ വീണ്ടെടുക്കാൻ അദ്ദേഹം സ്ഥാപിച്ച “ബേത് എഫ്രേം നസ്രാണി ദയറ’’ അച്ചന്റെ തീക്ഷ്ണമായ സഭാസ്നേഹത്തിന്റെ നിത്യസ്മാരകമാണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് അച്ചൻ കാപ്പുന്തലയിൽ സ്ഥാപിച്ച ദയറയും എക്കാലവും ഒരു വഴികാട്ടിയായിരിക്കും.
ബഹുഭാഷാ പണ്ഡിതനായിരുന്നിട്ടും ലാളിത്യവും പ്രകൃതിസ്നേഹവും കൈവിടാത്ത അച്ചന്റെ വ്യക്തിത്വം പുതുതലമുറയിലെ വൈദികർക്കും അല്മായർക്കും ഒരുപോലെ മാതൃകയാണ്.
അച്ചന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും കാപ്പ ുന്തല ദയറയിലെ അംഗങ്ങളുടെയും പാലാ രൂപതയുടെയും ദുഃഖത്തിൽ ചങ്ങനാശേരി അതിരൂപത പങ്കുചേരുന്നു. ദൈവരാജ്യത്തിന്റെ മഹത്വത്തിൽ തോമസച്ചൻ നിത്യവിശ്രമം കൊള്ളട്ടെയെന്നു പ്രാർഥിക്കുന്നുവെന്നും മാർ തറയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Tags : Mar Thomas Tharayil Koonammakkal Thoma Kathanar