കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്ന് അറിയപ്പെടുന്ന ലോഗോസ് ബൈബിൾ ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയില്‍ നടന്ന രജതജൂബിലി ആഘോഷം പ്രൗഢോജ്വലമായി. ലോഗോസ് ആരംഭിക്കുന്നതിൽ പ്രധാന നേതൃത്വം വഹിച്ച കെസിബിസി ബൈബിള്‍ സൊസൈറ്റി മുൻ ചെയര്മാന് ബിഷപ് മാർ ജോര്‍ജ് പുന്നക്കോട്ടില്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബൈബിള്‍ സൊസൈറ്റിയും ലോഗോസ് ക്വിസും കേരളത്തിന്റെ വചനപ്രഘോഷണ മേഖലയിൽ പ്രകാശമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് മാർ പുന്നക്കോട്ടില്‍ പറഞ്ഞു. സൊസൈറ്റി ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഓരോ വര്‍ഷവും കൂടുതല്‍ പേർ ലോഗോസ് ക്വിസിലേക്കും അതിലൂടെ ദൈവവചനത്തിലേക്കും ദൈവത്തിലേക്കും ആകര്‍ഷിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
മാറുന്ന തലമുറയ്ക്കനുസൃതമായി ലോഗോസ് ക്വിസിന്റെ രൂപവും ഭാവവും മാറേണ്ടതുണ്ടെന്ന് ജൂബിലി സെമിനാറില്‍ മുന്‍ ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ അഭിപ്രായപ്പെട്ടു.
മുന്‍ വൈസ് ചെയര്മാൻ ജസ്റ്റീസ് കുര്യന് ജോസഫ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, മുൻ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയർമാൻ ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു.
മുൻ സെക്രട്ടറിമാരായ ഫാ. ഡോ. സൈറസ് വേലംപറമ്പില്‍, ഫാ. ഡോ. ജോഷി മയ്യാറ്റില്‍, ഫാ. ഡോ. ജോണ്സണ് പുതുശേരി, മുൻ വൈസ് ചെയര്മാന്മാരായ ജോണ്സണ്, ജിസ്മോന്, ജോയിന്റ് സെക്രട്ടറിമാരായിരുന്ന കൊച്ചുത്രേസ്യ സൈമണ്‍, സാബു, ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നൽകി. ലോഗോസ് ജൂബിലി പ്രമേയ ഗാനം അവതരിപ്പിച്ചു.
138 പേരെ ആദരിച്ചു
ലോഗോസ് ബൈബിൾ ക്വിസ് ജൂബിലി സ്മരണിക (ലോഗോസ് 2025) ജസ്റ്റീസ് കുര്യന് ജോസഫിനു നൽകി ബിഷപ് മാർ ജോസ് പുളിക്കല്‍ പ്രകാശനം ചെയ്തു. ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് മാർ ജോർജ് പുന്നക്കോട്ടില്‍ പ്രകാശനം ചെയ്തു.
25 വര്‍ഷവും ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കെടുത്ത 138 പേരെ ആദരിച്ചു. ഇക്കാലയളവിൽ ക്വിസിന്റെ വിജയത്തിനായി പ്രയത്നിച്ച 88 പേരെയും മുന്‍ ലോഗോസ് പ്രതിഭകളെയും ബൈബിള്‍ സൊസൈറ്റി അംഗങ്ങളെയും ആദരിച്ചു.
2026 ലെ ലോഗോസിന്റെ പോസ്റ്റര്‍ മുൻ സെക്രട്ടറി ഫാ. ഡോ. ഫിലിപ് തയ്യില്‍ പ്രകാശനം ചെയ്തു.