ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന് നടക്കും. ഉച്ചകഴിഞ്ഞ് 2.45ന് നടതുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മകരസംക്രമപൂജ നടക്കുക.
പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കും. 12നും 13നും മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കും.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന 15 വ്യൂപോയിന്റുകളാണുള്ളത്. ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങി. വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്.
എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ചയും നടക്കും. ഞായര്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും. ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങും.
Tags : Makaravilakku Special security view points Erumeli Pettathullal