പ്രതീകാത്മക ചിത്രം
തൃശൂര്‍: മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ യാത്ര ചെയ്ത മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
80 അംഗ സംഘത്തിലെ 50ഓളം കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 15നും 18നും ഇടയിലുള്ളവരാണ് വിദ്യാര്‍ഥികള്‍. ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്കൂള്‍ അധികൃതരും റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനിലും വിവരം അറിയിച്ചു.
ഇതേതുടർന്ന് മധ്യപ്രദേശിലെ ഖണ്ട്വ ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ അധികൃതര്‍ മെഡിക്കല്‍ ടീമിനെ തയാറാക്കിയിരുന്നു. ഖണ്ട്വ ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി 9.30 ഓടെ എത്തിയ വിദ്യാര്‍ഥികളെ പുറത്തിറത്തി പ്രാഥമിക ചികിത്സ നല്കി.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായെന്ന് ഉറപ്പാക്കി 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു. മുന്‍കരുതലെന്ന നിലയില്‍ റെയില്‍വേയുടെ പ്രത്യേക മെഡിക്കല്‍ ടീം ഭുസാവല്‍ സ്റ്റേഷന് വരെ വിദ്യാര്‍ഥികളെ ട്രെയനില്‍ അനുഗമിച്ചു.
Tags : MangalaLakshadweepExpress IndianRailway Thrissur FoodPoison Deepika DeepikaNewspaper