തലശേരി: ബൈബിൾ പഠനത്തെ ജനകീയമാക്കിയ പ്രശസ്ത ബൈബിൾ പണ്ഡിതൻ മല്പാൻ ഡോ. മൈക്കിൾ കാരിമറ്റം (83) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്നു രാവിലെ പത്തിന് തലശേരി കത്തീഡ്രൽ പള്ളിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
ഇന്നു പുലർച്ചെ 5.30ന് മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ ആരംഭിക്കും. രാവിലെ എട്ടുമുതൽ പത്തുവരെ തലശേരി കത്തീഡ്രൽ പള്ളിയിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
തലശേരി അതിരൂപതാംഗമായ ഫാ. മൈക്കിൾ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമം നയിച്ചുവരികയായിരുന്നു. 1942 ഓഗസ്റ്റ് 11ന് കോതമംഗലം രൂപതയിലെ കലയന്താനി ഇടവകയിൽ കാരിമറ്റം കുടുംബത്തിൽ ചാക്കോ-മറിയം ദന്പതികളുടെ മൂത്ത മകനായാണ് ജനനം.1959ൽ തലശേരി രൂപതയ്ക്കുവേണ്ടി വൈദികപരിശീലനം ആരംഭിച്ചു.
ആലുവ കർമലഗിരി സെമിനാരിയിൽനിന്നു തത്വശാസ്ത്രപഠനവും റോമിലെ ഊർബൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി. 1968 ജൂണ് 29ന് കർദിനാൾ അഗാജാനിയനിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1979ൽ ബൈബിളിൽ ഡോക്ടർ ബിരുദം നേടി.
ചെന്പേരിയിൽ അസി. വികാരിയായി സേവനമനുഷ്ഠിച്ച ശേഷം കൊച്ചി പിഒസിയിൽ ബൈബിൾ പരിഭാഷയിൽ പങ്കാളിയായി. തലശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ പ്രഥമ ഡയറക്ടർ, ചാലക്കുടി ഡിവൈൻ ബൈബിൾ കോളജ്, തൃശൂർ മേരി മാതാ മേജർ സെമിനാരി എന്നിവിടങ്ങളിൽ അധ്യാപകൻ എന്നീ മേഖലകളിൽ ശുശ്രൂഷ ചെയ്തു.
2022 ഫെബ്രുവരിയിൽ സീറോ മലബാർ സഭ അദ്ദേഹത്തെ മല്പാൻപദവി നല്കി ആദരിച്ചു. ബൈബിൾ ചിത്രകഥകളിലൂടെ ബൈബിൾ കഥാപാത്രങ്ങളെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ അച്ചന് കഴിഞ്ഞു. നൂറോളം ഗ്രന്ഥങ്ങളും അനേകം ലേഖനങ്ങളും ബൈബിളിലെ മുഴുവൻ പുസ്തകങ്ങളുടെ പഠനം ഉൾപ്പെടുന്ന വീഡിയോ സന്ദേശങ്ങളും തയാറാക്കിയിട്ടുണ്ട്.
സഹോദരങ്ങൾ: ജോസഫ്, അഗസ്റ്റിൻ, സിസ്റ്റർ ഡോ. ലിറ്റിൽ ഫ്ളവർ എംഎസ്എംഐ (നിലന്പൂർ), മേരി ഞൊണ്ടിമാക്കൽ (ചെന്പനോട), പരേതനായ സ്റ്റീഫൻ.
Tags : Malpan Malpan Dr. Karimtam Thalassery arch dioces