കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് നിയമസഭയിലേക്ക് എത്തുകയാണ് പെരുമ്പാവൂരില്‍ നിന്ന് വിജയിച്ച മനോജ് മൂത്തേടൻ. ശക്തമായ ത്രികോണ മത്സരത്തിൽ ഇടതുമുന്നണിയുടെ ബേസില്‍ പോളിനെ 28,434 വോട്ടിന് പിന്തള്ളിയാണ് മനോജ് മൂത്തേടൻ വിജയക്കൊടി പാറിച്ചത്.
താഴേക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന് വലിയ നേട്ടം കൊയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളാണ് മനോജും. രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തിലും ഒരുപാട് കനല് വഴികള്‍ മനോജിന് താണ്ടേണ്ടി വന്നിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായും ബേക്കറി തൊഴിലാളിയായും റിസപ്ഷനിസ്റ്റ് ജോലി ചെയ്താണ് മനോജ് പഠനം പൂര്‍ത്തിയാക്കിയത്.
കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് മനോജ് ബേക്കറിയിലും ലോഡ്ജിലും പാര്‍ട്ട് ടൈം ജോലി ചെയ്തത്. പഠനത്തിനൊപ്പം എല്‍ഐസി ഏജന്റായും വര്‍ക്ക് ചെയ്തിരുന്നു. പഠനകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ മനോജ് സജീവമായി. കെഎസ്യു യൂണിറ്റ് പ്രസിഡന്റായിട്ടാണ് തുടക്കം.
പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ബ്ലോക്ക്, ജില്ല, സംസ്ഥാന നേതൃപദവികളിലും എത്തി. പഠനത്തിന് ശേഷം കൂവപ്പടി സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജോലിക്കാരനായി. പിന്നീട് ഈ ബാങ്കിന്റ് പ്രസിഡന്റായും കൂവപ്പടി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും ജില്ലാപഞ്ചായത്ത് പ്രസിഡന്റായും തിളങ്ങി.
തുടർന്ന് നിയമസഭയിലേക്ക് പാർട്ടി ടിക്കറ്റ് നൽകി. 2021ലെ തെരഞ്ഞെടുപ്പില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ലഭിച്ച ഭൂരിപക്ഷം പത്തു മടങ്ങായി ഉയര്‍ത്തിയാണ് മനോജിന്റെ ചരിത്ര വിജയം. 2899 വോട്ടിന്റെ ഭൂരിപക്ഷമാണ് 2021ല്‍ എല്‍ദോസിന് ലഭിച്ചത്.
Tags : Manoj Moothedan Perumbavoor udf