പ്രതീകാത്മക ചിത്രം
കൊച്ചി: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലിന് ഇന്ത്യൻ നാവികസേനയും. നാവികസേനയുടെ വിദഗ്ധ സ്കൂബ സംഘവും ഹെലികോപ്റ്ററുകളും തെരച്ചിലിനു നേതൃത്വം നൽകുന്നുണ്ട്.
ആഴക്കടലിലെ പരിശോധനകൾ ശക്തമാക്കുന്നതിനായി കൊച്ചിയിൽനിന്ന് ശനിയാഴ്ച രാത്രി പുറപ്പെട്ട നാവികസേനയുടെ അതിവേഗ പട്രോളിംഗ് യുദ്ധക്കപ്പലായ ഐഎൻഎസ് കൽപേനി നിലവിൽ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ്.
പ്രത്യേക പരിശീലനം ലഭിച്ച നാവികസേനയുടെ ഡൈവിംഗ് സംഘം കപ്പലിലുണ്ട്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിർണയിക്കുന്നതിനായി മറൈൻ എൻഫോഴ്സ്‌മെന്‍റുമായി സംഘം ബന്ധപ്പെട്ടു.
മറൈൻ എൻഫോഴ്സ്‌മെന്‍റ് ബോട്ട് സൂചിപ്പിച്ച പോയിന്‍റുകളിൽ നാവികസേനയുടെ ഡൈവർമാർ നിലവിൽ ഡൈവിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിനടിയിലെ നിരീക്ഷണ ശേഷിയും തിരച്ചിലിന്‍റെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി പോർട്ടബിൾ സോണാർ സാങ്കേതികവിദ്യയും ഡൈവിംഗ് സംഘം ഉപയോഗിക്കുന്നുണ്ട്. 10 ദിവസം മുമ്പ് മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് ഗൗതം കൃഷ്ണയെ കാണാതായത്.
Tags : Navy GautamKrishna Deepika DeepikaNewspaper BreakingNews NewsUpdate