തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. അച്ഛന്റെ ക്രൂര മർദനത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
കുട്ടിയെയും അമ്മയെയും മർദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യലഹരിയിൽ പിതാവ് പതിവായി മർദിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയും ഇത്തരത്തിൽ കുട്ടിയെ പിതാവ് മർദിച്ചിരുന്നു. മര്‍ദനം ഭയന്ന് റോഡിലേക്ക് ഓടിയ പെണ്‍കുട്ടിയുടെ പിറകെ അച്ഛനും പാഞ്ഞു. പിന്നീട് തിരികെ വീട്ടിൽ കയറിയ കുട്ടി തറ വൃത്തിയാക്കുന്ന കീടനാശിനി കുടിക്കുകയായിരുന്നു.
അവശനിലയിലായിരുന്ന കുട്ടിയെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.