എഡിജിപി എം.ആർ. അജിത്ത് കുമാർ
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകാൻ സർക്കാർ നീക്കം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാനെയും പോലീസുകാരെയും രക്ഷിക്കുന്നതിന് എഡിജിപി എം.ആർ. അജിത്ത് കുമാർ ഇടപെട്ടെന്ന ആരോപണം യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ അന്വേഷിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയോടു പോലീസുകാർ അജിത്തിന്റെ ഇടപെടലിനെക്കുറിച്ച് മൊഴി നൽകിയിരുന്നു.
കേസ് ഡയറി തിരുത്താൻ ഉൾപ്പെടെ അജിത്കുമാർ ശ്രമിച്ചെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. ഈ സംഭവത്തിൽ ഉന്നതതലത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നുകാട്ടിയുള്ള റിപ്പോർട്ട് എസ്പി ഷൗക്കത്തലി സംസ്ഥാന പോലീസ് മേധാവിക്കു നൽകിയിരുന്നു.
കഴിഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയായിരുന്നു റിപ്പോർട്ട് നൽകിയത്. എന്നാൽ, ഈ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും ഡിജിപി കൈക്കൊണ്ടില്ല. ആഭ്യന്തര സെക്രട്ടറിക്കോ സർക്കാരിനോ റിപ്പോർട്ടിന്മേൽ നടപടിക്കു ശിപാർശ നൽകാതെ കാലതാമസം വരുത്തി.
എം.ആർ. അജിത്കുമാറിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി ചേരുന്ന വേളയിൽ അജിത്ത് കുമാറിനെതിരേ അച്ചടക്കനടപടി ഉണ്ടായാൽ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നതിനാൽ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ കാലതാമസം വരുത്തിയെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഇതെല്ലാം അജിത്കുമാറിനു സ്ഥാനക്കയറ്റം നൽകാൻ വേണ്ട ചരടുവലിയുടെ ഭാഗമാണെന്നാണു വിവിധ കോണുകളിൽനിന്നും ഉയരുന്ന ആക്ഷേപം.
ആലപ്പുഴ രക്ഷാപ്രവർത്തന തുടരന്വേഷണത്തിൽ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കു നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും അജിത്കുമാറിനെതിരേ നടപടിയെടുക്കാൻ സർക്കാർ തയാറാകാത്തത് അജിത്തിനെ സഹായിക്കാൻ വേണ്ടിയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന അജിത്കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് യൂത്ത് കോണ്ഗ്രസിന്റെ ആവശ്യം.