പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മഴക്കാലമായ തുലാവർഷം ഒക്ടോബർ പകുതിയോടെ തുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
അതേസമയം, തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്ത് പിൻവാങ്ങൽ ഘട്ടത്തിലേക്കു കടന്നെങ്കിലും കേരളത്തിൽനിന്നുള്ള പിന്മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ മാത്രമാണ് കാലവർഷത്തിന്റെ പിൻവാങ്ങൽ ഔദ്യോഗികമായി ആരംഭിച്ചത്. 19നു പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽനിന്നു കാലവർഷം പിൻവാങ്ങൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
23 ഓടെ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നും ഗുജറാത്തിന്റെ ചില ഭാഗങ്ങളിൽനിന്നും കാലവർഷം പൂർണമായി പിൻവാങ്ങി.
എന്നാൽ, അതിനുശേഷം കേരളമുൾപ്പടെയുള്ള തെക്കൻ ഉപദ്വീപിലേക്കു പിൻവാങ്ങൽ വ്യാപിച്ചിട്ടില്ല. മഴയുടെ തുടർച്ചയായ കുറവ്, അന്തരീക്ഷത്തിലെ ഈർപ്പം കുറയൽ, കാറ്റിന്റെ ദിശയിലെ മാറ്റം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണു കാലവർഷത്തിന്റെ പൂർണ പിൻവാങ്ങൽ പ്രഖ്യാപിക്കുന്നത്.
മധ്യ-കിഴക്കൻ ഇന്ത്യയിൽ നിലനിൽക്കുന്ന ന്യൂനമർദങ്ങളാണ് നിലവിൽ കാലവർഷത്തിന്റെ പിൻവാങ്ങലിനു താത്കാലികമായി തടസം നിൽക്കുന്നത്. വെള്ളിയാഴ്ചയോടെ പിൻവാങ്ങൽ പ്രക്രിയ വീണ്ടും സജീവമാകുമെന്നും ഒക്ടോ ബർ 15 ന് കേരളത്തിൽനിന്നടക്കം കാലവർഷം സന്പൂർണമായി പിൻവാങ്ങുമെന്നും ഇതിനു തൊട്ടുപിന്നാലെ തുലാവർഷം തുടങ്ങുമെന്നുമാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിലവിലെ വിലയിരുത്തൽ.
കേരളം ഉൾപ്പെടുന്ന തെക്കൻ ഉപദ്വീപിലാണു തുലാവർഷം പ്രധാനമായും അനുഭവപ്പെടുന്നത്. കാലവർഷം കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ വലിയ മഴക്കാലവുമാണു തുലാവർഷം.
സാധാരണയായി ഒക്ടോബർ മധ്യത്തോടെ തുലാവർഷം ആരംഭിക്കുമെന്നാണു കാലാവസ്ഥാ ശാസ്ത്രത്തിലെ ദീർഘകാല ശരാശരി സൂചിപ്പിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷ കാലത്ത് ശരാശരി 491.9 മില്ലിമീറ്റർ മഴയാണു കേരളത്തിൽ പെയ്യേണ്ടത്.
കാലവർഷത്തിലെ വലിയ മഴക്കുറവിൽ വലയുന്ന സംസ്ഥാനത്തിന്റെ പ്രതീക്ഷ വരാനിരിക്കുന്ന തുലാമഴയിലാണ്. കഴിഞ്ഞ വർഷം തുലാമഴയിൽ 21 ശതമാനം കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
Tags : Northeast Monsoon MidOctober Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash