തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരക്ക് കവചമൊരുക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തെന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.
പല രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് തന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു. പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന എസ്ഐടിക്ക് പക്ഷപാതമുണ്ടെന്ന് സംശയം ശക്തിപ്പെടുന്നുവെന്നും കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്തായെന്നും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ചോദിച്ചു.
മന്ത്രിയായാലും തന്ത്രിയായാലും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും എന്നാൽ, അന്വേഷണത്തിൽ ഒട്ടേറെ സംശയങ്ങൾ ഉദിക്കുന്നുണ്ടെന്നും കുമ്മനം പറഞ്ഞു. കേസിൽ ശങ്കരദാസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മർമ പ്രധാന വിഷയങ്ങളിലേയ്ക്ക് അന്വേഷണം കടന്നോയെന്ന് സംശയമുണ്ട്.
സ്വർണം ആരുടെ കൈയിലെത്തിയെന്ന വിവരം ഇപ്പോഴും പുറത്തുവന്നില്ല. ഇതിൽ രാഷ്ട്രീയദുഷ്ടലാക്കുണ്ടെന്ന് സംശയിക്കുന്നു. സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് എന്തിനാണെന്നും സ്വര്‍ണക്കൊള്ള കേസിൽ സിബിഐ വരട്ടെയെന്നും കുമ്മനം പറഞ്ഞു.
Tags : Kummanam Rajasekharan bjp sabarimala