കൊച്ചി: സംസ്ഥാനത്ത് ഓൺ ലൈൻ വഴി മാട്രസ് ഓർഡർ ചെയ്യുന്നവരിൽനിന്ന് തട്ടിപ്പു സംഘം തട്ടിയെടുത്തത് 17 ലക്ഷം രൂപ. ഇത്തരത്തിൽ 17 കേസുകളാണ് സംസ്ഥാനത്തെ വിവിധ സൈബർ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തത്. പാലക്കാട്ട് മൂന്നു കേസുകളും കോഴിക്കോട്ട് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നിന്നുള്ളവർ തട്ടിപ്പിന് ഇരയായി.
മാട്രസ് കമ്പനികളുടെ പേരിൽ വ്യാജ കസ്റ്റമർ കെയർ പ്രതിനിധികളായി ചമഞ്ഞാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. പ്രമുഖ ഷോപ്പിംഗ് സൈറ്റുകൾ വഴിയും മറ്റും സാധനങ്ങൾ വാങ്ങുന്നവരെ ഫോൺ കോളുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ വഴി ബന്ധപ്പെട്ടാണ് ഇവർ ഈ പുതിയ സൈബർ തട്ടിപ്പ് നടത്തുന്നത്. ഓർഡർ ചെയ്തതിന് പിന്നാലെ, പേമെന്റ് പരാജയപ്പെട്ടു,
പണം റീഫണ്ട് ചെയ്യാനുണ്ട് അല്ലെങ്കിൽ ഓർഡർ സ്ഥിരീകരിക്കുന്നതിൽ പ്രശ്നമുണ്ട് തുടങ്ങിയ വ്യാജ വിവരങ്ങൾ ഉപയോക്താവിന് നൽകും. ഉടൻ പണമടച്ചാൽ മാത്രമേ ഡെലിവറി ലഭിക്കൂ എന്ന് പറഞ്ഞ് അടിയന്തര സമ്മർദം ചെലുത്തി ഉപയോക്താക്കളെ വീണ്ടും പണമയക്കാൻ ഇവർ പ്രേരിപ്പിക്കുന്നു. തുടർന്ന് ക്യുആർ കോഡ്, യുപിഐ അല്ലെ--ൽ ബാങ്ക് ട്രാൻസ്ഫർ വഴി പണം കൈക്കലാക്കി തട്ടിപ്പുകാർ മുങ്ങുകയാണ് പതിവ്.
വിശ്വാസ്യത ഉറപ്പാക്കണം
ഓൺലൈൻ ഓർഡറുകളുമായി ബന്ധപ്പെട്ട് വരുന്ന കോളുകളുടെയും സന്ദേശങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കണമെന്ന് സൈബർ ക്രൈം പോലീസ് മുന്നറിയിപ്പ് നൽകി. കസ്റ്റമർ കെയർ നമ്പറുകൾ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് മാത്രം ശേഖരിക്കുക. ബാങ്ക് വിവരങ്ങൾ, ഒടിപി , സ്ക്രീൻ ഷെയറിംഗ് എന്നിവ ഒരിക്കലും അപരിചിതരുമായി പങ്കുവയ്ക്കരുത്. സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്നും പോലീസ് അറിയിച്ചു.
Tags : Online mattress scam: