കോട്ടയം : വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഭേദഗതി ആശങ്കാജനകമാണെന്നും സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമ ഭേദഗതി ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ബാധിക്കും. ന്യൂനപക്ഷത്തെയാണ് കൂടുതലായി ബാധിക്കുന്നത്. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മോദിക്ക് ഇരട്ടത്താപ്പുണ്ടോയെന്ന് സംശയമുണ്ടെന്നും കാതോലിക്കാ ബാവാ മാധ്യമങ്ങളോട് പറഞ്ഞു.
സഭാ നേതാക്കന്മാര്ക്ക് ക്രിസ്തുമസിനും മറ്റും വിരുന്നു സല്‍ക്കാരം നടത്തുന്നത് സഭ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. അതേസമയം സഭയുടെ മിഷന് പ്രവര്‍ത്തനങ്ങളെ പ്രയാസപ്പെടുത്തുന്ന ശ്രമം ഉണ്ടാകുമ്പോള്‍ രണ്ടു തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത് സഭയെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്.
ഇത് വളരെ ആശങ്കയോടെയാണ് കാണുന്നത്. നിയമം പാലിച്ചാണ് സഭയുടെ പ്രവർത്തനങ്ങൾ. എഫ്സിആർഎ നിയമ ഭേദഗതി സഭയെ വീർപ്പുമുട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുത്. സഭാ മക്കൾ നൽകുന്ന നേർച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല.
ഈ വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പ് ഉണ്ടോയെന്ന സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലങ്കര സഭയുടെ മൂന്ന് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു. രേഖകളടക്കം രാജീവ് ചന്ദ്രശേഖറിന് കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയോടും വൈരാഗ്യത്തോടെ സഭ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ബാവ വ്യക്തമാക്കി.
Tags : fcra act orthodox sabha baselios bava