കൊച്ചി: കടുത്ത രാഷ്ട്രീയ പോരിന് തയാറെടുക്കുന്ന കേരളത്തില്‍ കളം നിറഞ്ഞ് അപരന്‍മാര്‍. എറണാകുളം ജില്ലയില്‍ മന്ത്രി പി. രാജീവിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമടക്കം അപരന്‍മാര്‍. തൃപ്പൂണിത്തുറ, പിറവം, കോതമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കും അപരന്‍മാരുണ്ട്.
കളമശേരിയില്‍ പി. രാജീവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വി. രാജീവ് ആണ് വിമതനായി മത്സരിക്കുന്നത്. എടയാര്‍ സ്വദേശിയായ വി. രാജീവ് പ്രാദേശിക നേതാക്കളോ കുടുംബാംഗങ്ങളോ പോലും അറിയാതെയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. പത്രിക നല്‍കിയ ശേഷം രാജീവ് ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. എടയാറിലെ മുന്‍ പഞ്ചായത്തംഗമാണ് രാജീവിന്‍റെ ഭാര്യ ബിന്ദു.
കളമശേരിയിലെ യുഡിഎഫിന്‍റെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ വി.ഇ. അബ്ദുള്‍ ഗഫൂറിനെതിരെ ലീഗ് സ്ഥാനാര്‍ഥിയായ വി.കെ അബ്ദുള്‍ അസീസ് രംഗത്തുണ്ട്. ഇതോടെ കളമശേരിയില്‍ രണ്ടു പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കും അപരന്‍മാരുണ്ട്. കളമശേരിയില്‍ അപരന്‍മാരടക്കം 12 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
വി.ഡി. സതീശന് എതിരെ കെ.ബി. സതീശന്‍ എന്ന വിമത സ്ഥാനാര്‍ഥിയാണ് രംഗത്തുള്ളത്. 10 സ്ഥാനാര്‍ഥികളാണ് പറവൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറയില്‍ കെ.എന്‍. ഉണ്ണികൃഷ്ണന് എതിരേ വിമത സ്ഥാനാര്‍ഥിയായ മറ്റൊരു ഉണ്ണികൃഷ്ണന്‍ രംഗത്തുണ്ട്. 11 സ്ഥാനാര്‍ഥികളാണ് തൃപ്പൂണിത്തുറയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
പിറവത്ത് കേരള കോണ്‍ഗ്രസ് - എം സ്ഥാനാര്‍ഥി സാബു കെ. ജേക്കബിനെതിരേ സാബു ഇ.കെ എന്ന അപരന്‍ രംഗത്തുണ്ട്. ഒമ്പത് സ്ഥാനാര്‍ഥികളാണ് പിറവത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
കോതമംഗലത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിനെതിരെ പിണ്ടിമന സ്വദേശി ഷിബുവും മറ്റൊരു ഷിബുവും രംഗത്തുണ്ട്. കോതമംഗലത്ത് രണ്ടു അപര സ്ഥാനാര്‍ഥികള്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം, നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നല്‍കിയത്. അപരന്‍മാരെ കണ്ടെത്തി പത്രിക പിന്‍വലിപ്പിക്കുക എന്നത് സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാണ്.
പത്രിക സമര്‍പ്പിച്ച ശേഷം വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസമായിരിക്കും. മാര്‍ച്ച് 26 വരെയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷമാകും കേരളത്തിലെ യഥാര്‍ഥ മത്സര ചിത്രം തെളിയുക.