പൂങ്കുന്നം: തെരഞ്ഞെടുപ്പിനു മുമ്പ് മാതാപിതാക്കളുടെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തിയിട്ടും പരസ്പരം കാണാൻ തയാറാകാതെ കെ. മുരളീധരനും സഹോദരി പദ്മജ വേണുഗോപാലും. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ പുഷ്പാർച്ചനയർപ്പിക്കാൻ എത്തിയതായിരുന്നു കെ. മുരളീധരൻ. ഈ സമയം വീട്ടിലുണ്ടായിരുന്ന പദ്മജ പുറത്തിറങ്ങിയില്ല.
തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നു കരുതുന്നയാളാണ് പദ്മജ. ഉച്ചകഴിഞ്ഞു 3.15നു വീട്ടിലെത്തിയ മുരളീധരൻ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയും ചെയ്തു. വീട്ടുവളപ്പിൽ അരമണിക്കൂർ ചെലവിട്ടിട്ടും വീട്ടിനുള്ളിലേക്കു കടക്കാതെ കാറിൽ മടങ്ങുകയായിരുന്നു അദ്ദേഹം.
വീട്ടിനുള്ളിൽ ബിജെപി പ്രവർത്തകരുമായി സംസാരത്തിലായിരുന്നു പദ്മജ. മുരളി ഉള്ളിലേക്ക് എത്തുമെന്നാണ് ബിജെപി പ്രവർത്തകർ അടക്കമുള്ളവർ കരുതിയത്. എന്നാൽ, സഹോദരിയെ കാണുന്നുണ്ടോയെന്ന ചോദ്യം ചിരിച്ചുതള്ളുകയാണു മുരളി ചെയ്തത്.
Tags : Padmaja Muralidharan home