കൊച്ചി: വൈദികവിദ്യാർഥികളിൽ ആഴമായ സഭാത്മകദർശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകർക്കു വലിയ ഉത്തരവാദിത്വമുണ്ടെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന മേജർ സെമിനാരി പ്രഫസർമാരുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സഭയുടെ ഭാവിവാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിൽ മേജർ സെമിനാരി അധ്യാപകർ വഹിക്കുന്ന നിർണായക പങ്ക് പ്രധാനമാണ്. സെമിനാരി പരിശീലനം കേവലമൊരു അക്കാദമിക് പഠനമല്ല. അതു സഭയുടെ തനിമയിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു സഭാത്മക ജീവിതശൈലി രൂപപ്പെടുത്തലാണ്.
വൈദിക രൂപീകരണത്തിന്റെ അടിസ്ഥാനശിലകളായ ആത്മീയം, അജപാലനം, മാനുഷികം, ബൗദ്ധികം, പ്രേഷിതത്വം എന്നീ അഞ്ചു തലങ്ങളിൽ ഊന്നിയുള്ള സമഗ്രമായ പരിശീലനമാണു വിദ്യാർഥികൾക്കു നൽകേണ്ടത്. സുവിശേഷമൂല്യങ്ങളിലും സഭാപ്രബോധനങ്ങളിലും അധിഷ്ഠിതമായ ഒരു ദർശനം വിദ്യാർഥികളിൽ വളർത്തിയെടുക്കാൻ പ്രഫസർമാർക്കു സാധിക്കണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
മാറുന്ന അജപാലന സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദിക പരിശീലന പദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനുള്ള സീറോമലബാർ മെത്രാൻ സിനഡ് തീരുമാനമനുസരിച്ചാണ് മേജർ സെമിനാരികളിലെ അധ്യാപകരുടെ സംഗമം വൈദികർക്കുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്തത്. വൈദിക രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടമായ മൈനർ സെമിനാരി മുതൽതന്നെ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണു സിനഡ് ലക്ഷ്യമിടുന്നത്.
സഭയുടെ വിവിധ മേജർ സെമിനാരികളുടെ റെക്ടർമാർ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റുമാർ, മംഗലപ്പുഴ, വടവാതൂർ, തൃശൂർ, കുന്നോത്ത് മേജർ സെമിനാരികളിൽനിന്നുള്ള പ്രഫസർമാർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.
വൈദികർക്കുവേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, കമ്മീഷൻ അംഗം ബിഷപ് മാർ അലക്സ് താരാമംഗലം, സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട്, ഫാ. അഗസ്റ്റിൻ കല്ലേലി, സിസ്റ്റർ ലെത്തീസിയ എന്നിവർ നേതൃത്വം നൽകി.
Tags : Parishioners Major Archbishop spiritual vision rapphael thattil