കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശങ്കാജനകമായ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ (വൈറ്റ് ലൈന്‍ ലൈഫ് ലൈന്‍) കണ്ടെത്തിയത് 1,232 നിയമലംഘനങ്ങള്‍. നിയമ ലംഘകരില്‍നിന്ന് 2,57,760 രൂപ പിഴ ഈടാക്കി.
ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിട്ടു. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്സ്മെന്റ് നടപടികളും ബോധവത്കരണ ഡ്രൈവും നടത്തിയത്.
ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന് നഷ്ടമായി.
ഇതിൽ 218 എണ്ണവും കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിംഗില്‍ വാഹനങ്ങള്‍ ഇടിച്ചിട്ട സംഭവങ്ങളാണ്.
നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന പക്ഷം 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങള്‍ക്ക് അറിയിക്കാം.
Tags : Pedestrian safety rule violations Fine rule violations