പാലക്കാട്: യുഡിഎഫ് നുണപ്രചാരണങ്ങൾ നടത്തുമ്പോൾ എൽഡിഎഫ് വികസനനേട്ടങ്ങൾ മുൻനിർത്തിയാണ് വോട്ടുതേടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ വകുപ്പിന്റെ കോമണ്‍ സോഫ്റ്റ്വെയര് പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി തള്ളി.
ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോള്‍ നുണ പറയാൻ മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിന്റെ കാർഷിക മേഖല ചരിത്രപരമായ മുന്നേറ്റമാണ് കൈവരിച്ചത്.
2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കാർഷിക മേഖലയിലെ ദേശീയ വളർച്ച 2.1 ശതമാനമായിരിക്കെ കേരളം 4.65 ശതമാനമെന്ന മികച്ച വളർച്ചാനിരക്ക് കൈവരിച്ചു. ദേശീയ വളർച്ചയുടെ ഇരട്ടിയിലധികം നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചുവെന്നത് സംസ്ഥാനത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് മികച്ച സ്ഥാനാർഥിയാണുള്ളത്. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങളെ ജനം തള്ളിക്കളയും. യുഡിഎഫും ബിജെപിയും തമ്മിലാണ് ഡീലുള്ളത്. എൽഡിഎഫിന് ഡീലുള്ളത് ജനങ്ങളോടുമാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : election pinarayi vijyan ramesh chennithala