കൊച്ചി: മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഇനി പിടിയിലാകാനുള്ളവർ അന്താരാഷ്ട്ര മനുഷ്യക്കടത്ത് - സെക്സ് റാക്കറ്റിലെ കണ്ണികളെന്നു കണ്ടെത്തൽ. ദുബായിലുള്ള കേസിലെ രണ്ടാം പ്രതി ഷംലയും അഞ്ചാം പ്രതി റഹ്മത്തുമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നും സൂചനയുണ്ട്.
കേസിൽ മുംബൈയിൽനിന്നു പിടിയിലായ ഗുരുവായൂർ തൈക്കാട് മുട്ടത്ത് വീട്ടിൽ സിന്ധുവിന് (56) അന്താരാഷ്ട്ര മനുഷ്യക്കടത്ത്– സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സിന്ധുവിന്റെ നിർദേശപ്രകാരം ദുബായിൽ സെക്സ് റാക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഷംലയും റഹ്മത്തുമാണ്. സിന്ധുവിനു ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്. നാലാം പ്രതി അലീന ഏബ്രഹാമിന്റെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഔറംഗസീബിന് സിന്ധു പണം അയച്ചുനൽകിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സിന്ധുവിന്റെ പക്കൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. പരാതിക്കാരിയായ യുവതിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ ദേഹോപദ്രവമേറ്റതായി പറയുന്നുണ്ട്.
സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. പൊന്നാനി സ്വദേശി മഞ്ജിമ (25) യടക്കം മൂന്നുപേരാണ് ഇതുവരെ അറസ്റ്റിലായത്. അലീന ഏബ്രഹാമിനെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
Tags : Rape modeling international human trafficking sex racket arrested