കോതമംഗലം : 63 വയസിൽ വേമ്പനാട്ടുകായൽ നീന്തി കയറി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോതമംഗലം സ്വദേശിനി റൂബി മത്തായി. ശനിയാഴ്ച രാവിലെ ആലപ്പുഴ ചേർത്തല കുമ്പേൽ കടവിൽ നിന്നും ഒമ്പതു കിലോമീറ്റർ അതിസാഹസികമായി നീന്തി കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലെത്തിയാണ് ഇവർ റിക്കാർഡിട്ടത്.
അതിശക്തമായ ഒഴുക്കും തിരമാലകളും പല ഘട്ടത്തിലും റൂബിയുടെ റിക്കാർഡിന് തടസം സൃഷ്ടിച്ചുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നേട്ടം കൈവരിക്കുകയായിരുന്നു. വേമ്പനാട്ട് കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റൂബി മത്തായി. രാവിലെ 7. 13ന് ചേർത്തല കൂമ്പേൽ കടവിൽ നിന്നും പെരുമ്പാവൂർ യൂണിയൻ ബാങ്ക് സീനിയർ ചീഫ് മാനേജർ അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
9.20 ന് രണ്ടു മണിക്കൂർ ഏഴു മിനിറ്റ് കൊണ്ട് റൂബി വൈക്കം ബീച്ചിൽ നീന്തി കയറി. ഡോൾഫിൻ ക്ലബിൽ നീന്തൽ പഠിക്കുവാൻ എത്തി പരിശീലനം പൂർത്തിയാക്കിയ റൂബിയുടെ മികവ് കണ്ട് കോച്ച് ബിജു തങ്കപ്പനാണ്. റൂബിയുടെ മനോധൈര്യം മനസിലാക്കിയ ഭർത്താവ് മത്തായിയും മക്കളായ ബാസിൽ മാത്യു (ഖത്തർ) മകൾ ബ്ലെസി (ബംഗളൂർ) എന്നിവർ അമ്മയ്ക്ക് പൂർണ പിന്തുണയുമായി എത്തി.
ഭർത്താവ് എം.എം.മത്തായി വിദേശത്തു നിന്നും നാട്ടിൽ എത്തി ഭാര്യയുടെ ഈ സഹസിക നീന്തലിൽ ഫുൾ സപ്പോർട്ട് ചെയ്തു. അതിശക്തമായ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ നീന്തിയാണ് റൂബി ആറു മാസം പരിശീലനം നേടിയത്.
വൈക്കം ബീച്ചിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗര സഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു.
Tags : swimming record Ruby Mathai