തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപിനെ പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽനിന്ന് ഒഴിവായി. പിണറായിക്ക് നൽകിയിരുന്ന അതിസുരക്ഷ പൂർണമായി പിൻവലിച്ചതോടെയാണ് സന്ദീപ് പോലീസിലേക്ക് മടങ്ങിയത്.
അതേസമയം മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ പിണറായിക്കൊപ്പം ഇപ്പോഴും തുടരുകയാണ്. നിലവിൽ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷനേതാവ്, മുൻമുഖ്യമന്ത്രി എന്നീ പരിഗണനകൾ വെച്ച് പിണറായിക്ക് നൽകുന്നത്. 2023 ഡിസംബർ 15നാണ് ഗൺമാൻമാർ യൂത്ത്കോൺഗ്രസുകാരെ മർദിച്ചത്.
സംഭവം അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ എസ്ഐടി രൂപീകരിച്ചിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി.ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എസ്ഐടി ഇന്നു മുതൽ സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴിയെടുക്കും.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകന്റെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്. മർദനമേറ്റ എ.ഡി. തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരോടു ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : security duty sandeep assault case