കോട്ടയം: തെരഞ്ഞെടുപ്പടുത്തപ്പോള്‍ 10 വര്‍ഷം ചെയ്യാന്‍ മടിച്ച കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പുതുയുഗയാത്രയില്‍ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്. 2023ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ജെ.ബി. കോശി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചവരാണ് ഇപ്പോള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണു ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ സര്‍ക്കാരിന് റിപ്പോര്‍ട്ട് നടപ്പാക്കേണ്ടി വരില്ലെന്നു അറിയാമെന്നും സതീശന് പറഞ്ഞു. പിന്‍വാതില്‍ നിയമനത്തില്‍ റിക്കാര്‍ഡിട്ട സര്‍ക്കാരാണ് പിഎസ്സി പ്രായപരിധി കൂട്ടിയത്. എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കണക്കിന് പേരെ പിന്‍വാതിലിലൂടെ നിയമിച്ച് സംവരണം അട്ടിമറിച്ചു.
യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കും. 2021ല്‍ 1600 രൂപ പെന്ഷന് 2500 ആക്കുമെന്ന് പ്രഖ്യാപിച്ചു. നാലേമുക്കാല്‍ വര്‍ഷവും ചില്ലിക്കാശ് കൂട്ടിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 400 രൂപ കൂട്ടിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നു എന്ന് പറഞ്ഞതിനെ ധനമന്ത്രി പരിഹസിച്ചു. പൂച്ച പെറ്റു കിടക്കുകയല്ലെങ്കില്‍ തദ്ദേശ സ്ഥപാനങ്ങളില്‍ അഞ്ചു ലക്ഷത്തില്‍ താഴെയുള്ള ഒരു ബില്ലും പാസാക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നവകേരള സര്‍വെ നടത്തുന്നതില്‍ തെറ്റില്ല. പക്ഷെ ആദ്യം സര്‍ക്കുലര്‍ ഇറക്കിയത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. ഖജനാവില്‍ നിന്നും പൊതുപണം നല്‍കിയുള്ള കാമ്പയിന് നടത്തേണ്ടെന്നാണ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡാറ്റാ മോഷണകേസില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് പ്രതികള്‍. സാധാരണക്കാരുടെ ഡാറ്റ അവരുടെ അറിവില്ലാതെ ദുരുപയോഗം ചെയ്തു. ഇതിനെതിരെ കോടതി വിധികളുണ്ട്. ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ മോഷ്ടിച്ചതെന്നും സതീശന് കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചിട്ടും മതിയാകാതെയാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയത.600 പേര് പങ്കെടുത്ത പരിപാടിയില്‍ 12 കോടി രൂപയാണ് അടിച്ചുമാറ്റിയതെന്നും സതീശൻ ആരോപിച്ചു.
രമേശ് ചെന്നിത്തല ഓര്‍ത്തഡോക്സ് ആസ്ഥാനത്ത് പോകുന്നതിന് എന്റെ അനുമതി ആവശ്യമില്ല. അദ്ദേഹം എന്റെ കൂടി നേതാവാണ്. ഏത് സമുദായത്തിന് എന്ത് പ്രശ്നം ഉണ്ടെങ്കിലും സഹായിക്കും. എല്ലായിടത്തും പോകും. ഞാനും പോകാറുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പിന്തുണ വേണമെന്ന് എല്ലാവരോടും ആവശ്യപ്പെടും. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. വര്‍ഗീയത പറയരുതെന്നാണ് പറഞ്ഞത്. തിണ്ണ നിരങ്ങലും സന്ദര്‍ശനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി മോഹന്‍ലാലുമായി അഭിമുഖം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ 2008 ല്‍ ഉമ്മന്‍ ചാണ്ടി ഇതുപോലൊരു അഭിമുഖം നടത്തിയിരുന്നു. അന്നിട്ട പേരാണ് ഇരുവര്‍. ആ പേരെങ്കിലും മാറ്റാമായിരുന്നു. ഇടയ്ക്കൊക്കെ മുഖ്യമന്ത്രി ചിരിക്കുന്നത് നമ്മളും കാണട്ടെ. സാധാരണയായി മുഖ്യമന്ത്രി ഉത്തരം പറയാറില്ലല്ലോ. ഇങ്ങോട്ട് പറയാറല്ലേയുള്ളൂ. മോഹന്‍ലാലിനോടെങ്കിലും മുഖ്യമന്ത്രി മറുപടി പറയട്ടെയെന്നും സതീശന് പറഞ്ഞു.
Tags : V.D. Satheesan Congress Puthuyouga rally