ബംഗളൂരു: കര്ണാടകയിലെ കുടകില് ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്തി. തടിയന്ഡമോള് കൊടുമുടിയിൽ ട്രക്കിംഗ് നടത്തുന്നതിനിടെയാണ് യുവതിയെ കാണാതായത്. നാലു ദിവസമായി കർണാടക പോലീസും വനംവകുപ്പും സംയുക്തമായി കൊടും വനത്തിൽ നടത്തിയ തെരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ യാത്രയ്ക്കിടെ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് തെര്മല് ഡ്രോണ് അടക്കം ആധുനിക സാങ്കേതികവിദ്യകള് ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ശരണ്യയെ കണ്ടെത്തിയത്.
യുവതി ആരോഗ്യവതിയാണെന്നും വിരാജ്പേട്ടയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടിനാണ് കൊച്ചിയില് നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ട്രക്കിംഗ് നടക്കുന്ന സ്ഥലത്ത് കാട്ടാന ശല്യമുള്ളതിനാല് മറ്റ് 10 പേര് അടങ്ങുന്ന സംഘത്തെയാണ് കയറ്റിവിട്ടത്.
വൈകുന്നേരം നാലിന് സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. തുടർന്ന് സിഗ്നല് നഷ്ടപ്പെടുകയും ഫോണ് സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.
Tags : sharanya missing kodagu