ചങ്ങനാശേരി: സില്‍വര്‍ലൈന്‍ വിജ്ഞാപനം പിന്‍വലിക്കാനും സമരപോരാളികള്‍ ക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കനുമുള്ള സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം കൊടുങ്കാറ്റില്‍നിന്നു മഴപെയ്തിറങ്ങിയ അനുഭവമാണെന്ന് സില്‍വര്‍ലൈന്‍ സമരത്തില്‍ പോലീസിന്റെ അതിക്രമത്തിനിരയായ മാടപ്പളളി ഇയ്യാലില്‍ തെക്കേതില്‍ റോസിലിന് ഫിലിപ്പ്.
1490 ദിവസങ്ങള്‍ മനസില്‍ കനലായി സൂക്ഷിച്ച വേദനയുടേയും ദുഖത്തിന്റെയും പര്യവസാനമാണ് ഇന്നലെയുണ്ടായത്. വിജ്ഞാപനം പിന്‍വലിച്ചതില്‍ മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിമാരോടും നന്ദിയുണ്ട്.
മറ്റുള്ളവരോടൊപ്പം തന്റെ പുരയിടത്തില്‍നിന്നു പ്രതിഷേധിച്ച തന്നെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. അറസ്റ്റ്ചെയ്ത് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെത്തിച്ചു. നേതാക്കളുടെ ഇടപെടലിലാണ് റിമാന്‍ഡ് ഒഴിവായത്.
മകളുമായി സമരത്തിനിറങ്ങിയെന്ന പേരില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്ടുപ്രകാരം കേസുണ്ട്. ഇതുള്‍പ്പെടെ മൂന്നിലേറെ കേസുകള്‍ നിലവിലുണ്ട്.
വെങ്കോട്ട റീത്തുപള്ളി ജംഗ്ഷനിലുള്ള റോസിലിന് ഫിലിപ്പിന്റെ പുരയിടത്തിലാണ് പന്തല്‍കെട്ടി അഞ്ചു വര്‍ഷം നീണ്ട സില്‍വര്‍ലൈന്‍ വിരുദ്ധ സമരം അരങ്ങേറിയത്.
Tags : Silverline Rosilyn Philip government' announcement relief