കോഴിക്കോട്: എംഡിഎംഎ കടത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു. കോഴിക്കോട് സ്വദേശി ഹനീഫയാണ് തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
മൂന്ന് കിലോയിലധികം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ പ്രതിയാണ് ഇയാൾ. രാജധാനി എക്സ്പ്രസ് ട്രെയിനിൽ ഡൽഹിയിലേക്ക് പോകുന്നതിനിടെ ഗുജറാത്തിലെ വഡോദര സ്റ്റേഷന് സമീപത്തുവച്ചാണ് പ്രതി രക്ഷപെട്ടത്.
പ്രതിയെ കാണാതായതോടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ റെയിൽവേ പോലീസിനെയും ഗുജറാത്ത് പോലീസിനെയും വിവരമറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ആദ്യം 100 ഗ്രാം എംഡിഎംഎയുമാണ് ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് കേസുകളിലായി മൂന്ന് കിലോയിലധികം മയക്കുമരുന്ന് ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിന് പിന്നിലെ അന്തർസംസ്ഥാന ലഹരിമാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പ്രതിയെയും കൊണ്ട് പോലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചത്.
Tags : drug case suspect excape