കൊച്ചി: കാലടി സര്‍വകലാശാലയില്‍ അധ്യാപകരുടെ പ്രതിഷേധം. വിരമിക്കുന്ന ദിവസം പ്രഫസര്‍ ഡോ. ലിസി മാത്യുവിനെതിരെ നടപടി എടുക്കാനുള്ള വിസിയുടെ നീക്കമാണ് പ്രതിഷേധത്തിന് കാരണം. തനിക്കെതിരെ കള്ളക്കഥകള്‍ മെനയുകയാണെന്നും സിസ തോമസ് വിസിയായി ചുമതലയേറ്റ ശേഷം ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും ലിസി മാത്യു പ്രതികരിച്ചു.
ഇന്നലെ ഒരു ചാര്‍ജ് മെമ്മോയും വിശദീകരണ കുറിപ്പും കിട്ടി. ജീവിതത്തില്‍ ഏറ്റവും നല്ല കാര്യത്തിന് കിട്ടിയ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യങ്ങളാണിത്. മൂന്നു വലിയ കുറ്റങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അതിലൊന്ന് തീര്ഥപാതപുരാണം എന്ന പുസ്തകത്തിന്റെ ഡമ്മി കോപ്പി ഗവര്‍ണര്‍ക്ക് എത്തിച്ചു എന്ന കടുത്ത ആരോപണമാണ്.
31 വര്‍ഷത്തെ സേവനത്തിന് ലഭിച്ച മികച്ച പ്രതിഫലമാണിത്. വിരമിക്കുന്ന ദിവസം തന്നെയാണ് നടപടി എടുക്കാന്‍ നീക്കമിട്ടത്. സിസ തോമസ് വിസിയായ ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇഷ്ടമില്ലാത്തവരെ തകര്‍ക്കാനാണ് അവരുടെ ശ്രമം.
ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം അച്ചടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും എസ്എഫ്ഐ നേതാവിനെ ജയിപ്പിച്ചുവെന്ന പരാതിയിലും എനിക്കൊരു പങ്കുമില്ല. ഉണ്ടെന്ന തരത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിരം വിസി സ്ഥാനത്തേക്ക് വരാന്‍ എനിക്ക് യോഗ്യതയുണ്ട് എന്നാണ് ഇപ്പോഴും കരുതുന്നത്.
അതുകൊണ്ടായിരിക്കും എപ്പോഴും എന്നെ മാത്രം ഉന്നം വെക്കുന്നത് എന്ന് ലിസി മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ചട്ടമ്പിസ്വാമിയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളക്കടലാസ് നിറച്ച് പ്രകാശനം നടത്താനുള്ള നീക്കത്തിലും തോറ്റ ബിഎഫ്എ വിദ്യാര്‍ഥിയെ ജയിപ്പിച്ചതിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലിസി മാത്യുവിനെതിരെ കുറ്റപത്രം നല്‍കിയത്.
Tags : Teachers protest Kalady University