കെ.സി. വേണുഗോപാൽ എംപി
കണ്ണൂർ: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ക്രിമിനൽ മനസുള്ള നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ കസേരയിലിരുത്തി ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പിന്തുണയില്ലെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും എസ്ഐആറും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുമുണ്ടെങ്കിൽ അധികാരം നിലനിർത്താമെന്ന ധാർഷ്ട്യത്തിലാണു മോദി-ഷാ യുഗം മുന്നോട്ടു പോകുന്നത്.
ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികളുടെയും ഇതര സംഘടനകളുടെയും ജനകീയ സമരം. രാജ്യത്ത് തകർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയും പൗരാവകാശങ്ങളെയും വീണ്ടെടുക്കുന്നതിനായി പ്രതിപക്ഷം നയിക്കുന്ന പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതിർത്തിയിൽ ചൈന ദിനംപ്രതി കടന്നുകയറ്റം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനേക്കാൾ ഭീമമായ പൊലിസ്-പാരാമിലിട്ടറി സന്നാഹങ്ങളെയാണു കേന്ദ്ര സർക്കാർ ഡൽഹിയിൽ സ്വന്തം പൗരന്മാർക്കെതിരേ വിന്യസിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽനിന്നു ബറ്റാലിയനുകളെ വിളിപ്പിച്ചുവരുത്തി സ്വന്തം രാജ്യത്തെ പൗരന്മാരോടും സാധാരണക്കാരോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യപരമായ മാർഗങ്ങളിലൂടെ ശബ്ദമുയർത്തുന്ന നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയും സിആർപിഎഫിനെ വിട്ട് കൈകാര്യം ചെയ്യുന്നത് രാജ്യത്തിനുതന്നെ വലിയ അപമാനമാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
സമരം തുടങ്ങുംമുമ്പേ പ്രതിരോധം തീർക്കാൻ പൊലിസിനെ ഇറക്കുന്നത് കേന്ദ്ര ഭരണാധികാരികൾ ഭയന്നു തുടങ്ങിയതിന്റെ തെളിവാണ്. 56 ഇഞ്ചിൽനിന്നു നാല് ഇഞ്ചിലേക്കു ചുരുങ്ങിയ ഭീരുക്കളാണ് ഈ അടിച്ചമർത്തലുകൾക്കു നേതൃത്വം നൽകുന്നത്.
പാവപ്പെട്ടവർ ആശ്രയിക്കുന്ന ട്രെയിനുകൾ വരെ റദ്ദാക്കി ജനങ്ങളെ ഉപദ്രവിക്കുകയാണ്. ന്യായമായ സമരങ്ങളെ അടിച്ചമർത്തുന്നതും പ്രവർത്തകരെ വലിച്ചിഴയ്ക്കുന്നതും ഫാസിസത്തേക്കാൾ അപകടകരമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ എത്ര തടസങ്ങൾ തീർത്താലും ഡൽഹിയിൽ അതിശക്തമായ സമരം സംഘടിപ്പിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Tags : Deepika DeepikaNewspaper BreakingNews country is being ruled people with criminal mindsets