സിജെപി പ്രക്ഷോഭം
ന്യൂഡൽഹി: യുവജനപ്രക്ഷോഭത്തെ അടിച്ചമർത്താൻ ഡൽഹിയിൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതായി സിജെപി.
ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ യാതൊരു ബന്ധവുമില്ലാത്ത സാധാരണ ജനങ്ങളാണ് ദുരിതത്തിലായതെന്ന് പൊലിസ് കസ്റ്റഡിയിൽനിന്നു മോചിതരായ ശേഷം സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും സംയുക്ത പത്രസമ്മേളനത്തിൽ വിമർശിച്ചു.
ഡൽഹി പൊലിസ് വിമാനത്തിൽ നിന്നും ശനിയാഴ്ച കസ്റ്റഡിയിലെടുത്ത സിജെപി കൺവീനർ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഞായറാഴ്ച രാവിലെയാണ് കോടതി വിട്ടയച്ചത്.
24 മണിക്കൂറിലധികം നീണ്ട തടങ്കലിനൊടുവിൽ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തടസപ്പെടുത്തുന്ന യാതൊരുവിധ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്ന ഉപാധിയോടെ മോചിപ്പിച്ചത്.
മുത്തശിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ അഭിജീത് ദിപ്കെ ഇന്നലെ മുംബൈയിലേക്കു പോയിരുന്നു.
ഡൽഹിയിൽ 30,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ഒരു സൈനികത്താവളംപോലെ മാറ്റിയതായും സിജെപി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. സമരക്കാർക്കെതിരെ ജനവികാരം തിരിച്ചുവിടാൻ ലക്ഷ്യമിട്ടാണ് മെട്രോ സ്റ്റേഷനുകളും ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ളവയും റദ്ദാക്കി പൊതുഗതാഗതവും കച്ചവട പ്രവർത്തനങ്ങളും കേന്ദ്രസർക്കാർ തടസപ്പെടുത്തിയത്.
ശനിയാഴ്ച കസ്റ്റഡിയിലായിരുന്ന സമയത്ത് അഭിജിത് ദീപ്കെയുടെ മുത്തശിയുടെ വിയോഗ വാർത്ത പൊലിസ് അറിയിച്ച രീതി തീർത്തും മനുഷ്യത്വരഹിതവും ലജ്ജാകരവുമാണെന്ന് സിജെപി വക്താക്കൾ വിമർശിച്ചു. വ്യക്തിപരമായ ദുഃഖത്തിന്റെ നിമിഷത്തെ ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് ഒരു കാഴ്ചയാക്കി മാറ്റുകയാണ് പൊലിസ് ചെയ്തതെന്നും സിജെപി ആരോപിച്ചു.
Tags : Deepika DeepikaNewspaper BreakingNews CJP says there an emergency