ആർച്ച്ബിഷപ് ലെയോ പോൾദോ ജിറേല്ലിക്കും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കുമൊപ്പം ഫാ. തോമസ് പതിക്കൽ
കണ്ണൂർ: ‘ദിവ്യബലിയർപ്പണത്തിനിടെ ഇത് ഈശോയുടെ ശരീരമാകുന്നു എന്നുപറഞ്ഞ് ഉയർത്തിയശേഷം താണുവണങ്ങി നോക്കിയപ്പോഴാണ് തിരുവോസ്തിയിൽ ഒരു മനുഷ്യരൂപത്തിന്റെ സാദൃശ്യം തോന്നിയത്. കുറച്ചുസമയം നോക്കിയശേഷം കണ്ടത് സത്യമാണോയെന്നറിയാൻ തൊട്ടടുത്തുനിന്ന ദേവാലയശുശ്രൂഷിയെ വിളിച്ചുകാണിച്ചു. അദ്ദേഹവും അത് ശരിവച്ചു.
എനിക്ക് കടുത്ത വിറയലും ഭയവും ഉണ്ടായി. തൊണ്ടവരളുന്ന പോലെയുള്ള അവസ്ഥ...’ വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം ആദ്യമായി ദർശിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് ഇന്നലെ അന്തരിച്ച ഫാ. തോമസ് പതിക്കൽ ഒരിക്കൽ ദീപികയോട് വിശദീകരിച്ചതാണിത്.
വിശുദ്ധ കുർബാനമധ്യേ സംഭവിച്ച അസാധാരണ സംഭവത്തെ ദിവ്യകാരുണ്യ അടയാളമായി കത്തോലിക്ക സഭ ഔദ്യോഗികമായി അംഗീകരിച്ചപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും ആശ്വസിച്ചതും പതിക്കലച്ചനായിരുന്നു.
2013 നവംബർ 13
കണ്ണൂർ ജില്ലയിലെ തളിപ്പറന്പ്- കുടിയാന്മല റൂട്ടിലെ കൊച്ചുഗ്രാമമാണ് വിളക്കന്നൂർ. 2013 നവംബർ 13 ബുധനാഴ്ച പുലർച്ചെ പതിവുപോലെ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു പതിക്കലച്ചൻ. ദിവ്യബലി മധ്യേ അച്ചന് അസ്വസ്ഥനാകുന്നതും പ്രാർഥനകൾ മുറിഞ്ഞുപോകുന്നതും പള്ളിയിലുണ്ടായിരുന്നവർ ശ്രദ്ധിച്ചു. അച്ചന് എന്തെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതാകാമെന്നാണ് അവർ കരുതിയത്.
വിശുദ്ധ കുർബാനയ്ക്കുശേഷം തിരുവോസ്തി കാണിച്ചപ്പോഴാണ് പള്ളിയിലുണ്ടായിരുന്നവര്ക്ക് അച്ചൻ അനുഭവിച്ച പ്രയാസങ്ങളുടെ രഹസ്യം മനസിലാകുന്നത്. പലരും അദ്ഭുത പരവശരായി നിലവിളിച്ചുകൊണ്ടാണ് തിരുമുഖം ദർശിച്ചത്. ഈശോയുടെ തിരുമുഖം തെളിഞ്ഞ തിരുവോസ്തി മുറിക്കാതെ അരുളിക്കയിൽ വയ്ക്കുകയും ചെയ്തു.
തിരുവോസ്തിയിൽ ഈശോയുടെ മുഖം തെളിഞ്ഞ വാർത്ത പരന്നതോടെ ആയിരക്കണക്കിനാളുകൾ പള്ളിയിലേക്ക് ഒഴുകുകയായിരുന്നു. 2013 നവംബർ 17ന് അന്നത്തെ അതിരൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റത്തിന്റെ നിർദേശപ്രകാരം തിരുവോസ്തി തലശേരി ആർച്ച്ബിഷപ് ഹൗസിലെത്തിച്ച് രഹസ്യമായി സൂക്ഷിച്ചു. വിവരങ്ങൾ സിനഡിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
പഠനങ്ങൾ, പരീക്ഷണങ്ങൾ...
അസാധാരണ പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്താൻ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി ഡോക്ട്രിനൽ കമ്മീഷനെ ചുമതലപ്പെടുത്തി. 2018ൽ കൂടുതൽ പഠനത്തിനായി തിരുവോസ്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി റോമിലേക്ക് കൊണ്ടുപോയി. കുടുതൽ ശാസ്ത്രീയപഠനം നടത്താനായിരുന്നു റോമിൽ നിന്നുള്ള നിർദേശം. അതിനുള്ള സൗകര്യങ്ങൾ ഇന്ത്യയിൽ തന്നെയുള്ളതിനാൽ തിരുവോസ്തി തിരികെ നൽകി. 2024 ജനുവരി 15ന് തിരുവോസ്തി തലശേരി അതിരൂപത കേന്ദ്രത്തിലെത്തിച്ചു.
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ അത്യാധുനിക ലാബിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് റോം നിർദേശിച്ച മൂന്ന് പരീക്ഷണങ്ങൾ നടത്തിയത്. ശാസ്ത്രീയ പരീക്ഷണങ്ങളും പഠനങ്ങളും നടത്താൻ ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും അടങ്ങിയ സമിതിയെ നിയോഗിക്കുകയായിരുന്നു.
അതീവ രഹസ്യസ്വഭാവത്തോടെ നടത്തിയ പഠനത്തിന്റെ പൂർണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി 2024 ഏപ്രിൽ രണ്ടിന് റോമിന് സമർപ്പിച്ചു. തിരുവോസ്തിയിലെ ഛായാചിത്രത്തിൽ പുറമേനിന്നുള്ള ഏതെങ്കിലും പദാർഥത്തിന്റെ സ്വാധീനമുണ്ടോയെന്ന് മനസിലാക്കാൻ കഴിയുന്ന പരീക്ഷണങ്ങളാണ് റോമിൽനിന്ന് നിർദേശിച്ചത്.
വിളക്കന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന റോമിലെ വിശ്വാസ തിരുസംഘത്തന്റെ അറിയിപ്പ് 2025 മാർച്ച് 19ന് ലഭിച്ചു. അതേവർഷം മേയ് 31ന് വിളക്കന്നൂർ പള്ളിയിൽ നടന്ന ചടങ്ങിൽ വത്തിക്കാൻ സ്ഥാനപതി ലെയോ പോൾദോ ജിറേല്ലിയാണ് വിശ്വാസ കാര്യാലയത്തിന്റെ ഡിക്രി വായിച്ച് ദിവ്യകാരുണ്യ അടയാളത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
Tags : DivineGift altara Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash FrThomasPathikkal