പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാർ രാഹുൽ ഗാന്ധിക്കൊപ്പം.
ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാരോട് ഡൽഹി പോലീസ് കാണിച്ചത് വലിയ ക്രൂരത. പ്രതിഷേധിക്കുന്നത് എംപിമാരാണെന്ന് അറിഞ്ഞിട്ടും മനുഷ്യത്വ രഹിതമായാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് എംപിമാർ കുറ്റപ്പെടുത്തി.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ ചില എംപിമാരെ പ്രതിഷേധത്തിന്റെ ആദ്യസമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ മാറാൻ തയാറാകാതിരുന്ന എംപിമാരെ കായികമായാണ് പോലീസ് നീക്കിയത്. ഡീൻ കുര്യാക്കോസിനെ മൂന്നിലേറെ പോലീസുകാർ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാനിലേക്ക് കയറ്റാൻ ശ്രമിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ അദ്ദേഹം എംപിയാണെന്ന് പറഞ്ഞിട്ടും നടപടിയിൽനിന്നു പിന്മാറാൻ പോലീസ് തയാറായില്ല.
പിന്നീട് ഡീനും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തുനിന്ന് പത്ത് കിലോമീറ്ററോളം ദൂരമുള്ള കിങ്സ്വേ പോലീസ് ക്യാമ്പിലേക്കാണ് ഡീൻ ഉൾപ്പെടെയുള്ള എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഭിഭാഷകരെപ്പോലും പോലീസ് ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് എംപിമാർ ആരോപിച്ചു.
പോലീസ് കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും യാതൊരു വിവരവും പങ്കുവയ്ക്കുന്നില്ലെന്നും എംപിമാർ കുറ്റപ്പെടുത്തി. രാത്രി വൈകിയും കോൺഗ്രസ് എംപിമാർ പോലീസ് ക്യാമ്പിൽ തുടരുകയാണ്.
Tags : Police behavior inhumane MPs attacked StudentProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash