കോളിച്ചാൽ ( കാസർഗോഡ്): കോളിച്ചാലിൽ പറമ്പിലിറങ്ങിയ കർഷകന് സൂര്യാതപമേറ്റു. പൊതുപ്രവർത്തകനും പനത്തടി സെന്റ് ജോസഫ് തീർഥാടന പള്ളി ട്രസ്റ്റിയുമായ മുരിയംവേലിൽ ടിറ്റോ ജോസഫിനാണ് (48) തളർച്ചയും ക്ഷീണവും ദേഹത്ത് പൊള്ളലുകളും ഉണ്ടായത്.
ഇന്നലെ ഉച്ചയോടെ പറമ്പിൽ കൂട്ടിയിട്ട തേങ്ങകൾക്ക് നേരിട്ട് വെയിലു കൊള്ളാതിരിക്കാൻ ഓല വെട്ടിയിടാൻ പോയപ്പോഴായിരുന്നു സംഭവം.
പെട്ടെന്ന് കടുത്ത ക്ഷീണവും തലവേദനയും അനുഭവപ്പെട്ടതോടെ അടുത്ത വീട്ടിൽനിന്ന് വെള്ളം വാങ്ങിക്കുടിച്ച് വിശ്രമിച്ചു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് തണുത്ത വെള്ളമൊഴിച്ച് കുളിക്കുന്നതിനിടയിലാണ് ദേഹത്തെ പൊള്ളലുകൾ ശ്രദ്ധയിൽപ്പെട്ടത്. മൂന്നുദിവസം മുമ്പ് ഇതേ പറമ്പിൽ ജോലിചെയ്യുകയായിരുന്ന കർണാടക സ്വദേശിയായ തൊഴിലാളിക്കും സൂര്യാതപമേറ്റിരുന്നു.