ഒളിവിൽ പോയ സജി, കൊല്ലപ്പെട്ട സഹോദരൻ റെജി.
നെടുങ്കണ്ടം: അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നു സംശയിക്കുന്ന സംഭവത്തില്‍ അടിമുടി ദുരൂഹത. കൊല്ലപ്പെട്ടെന്നു കരുതുന്ന നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരുടേതെന്നു കരുതുന്ന മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലീസ് പരിശോധനയില്‍ ഇന്നലെ കണ്ടെത്തി. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായത്. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സ്ഥലം വിട്ട ഇളയ മകന്‍ സജി ഒളിവിലാണ്. സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.
20 ദിവസം
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. മേരിക്കുട്ടിയുടെ മകള്‍ സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
ഇതോടെ നാട്ടുകാര്‍ സിനിയെയും ഭര്‍ത്താവിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്.
ശരീരഭാഗങ്ങൾ
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്‍റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇത് മേരിക്കുട്ടിയുടെയും മകന്‍ റെജിയുടെയും ആണോയെന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തും. റെജിയും സഹോദരന്‍ സജിയും തമ്മില്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. സ്ഥലത്തു നിന്നും രക്ഷപ്പെട്ട സജിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണന്നു ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു.
Tags : murder mystery investigation police case