വിലങ്ങാട്: ജാതി മത ഭേദമെന്യേ ഉരുൾ ദുരിത ബാധിതരെ സഹായിക്കാനായി ആളുകള്‍ മുന്നോട്ടു വന്നതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി 70 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ട സമാപനവും രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നടന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പുതുതായി അധികാരത്തിലേറുന്ന സംസ്ഥാന സര്‍ക്കാര്‍ വിലങ്ങാടിന്റെ പുനരധിവാസത്തിന് സത്വര നടപടി സ്വീകരിക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു. ദുരന്തമേഖലകളിലെ പാലങ്ങളും റോഡുകളും തകര്‍ന്നുകിടക്കുകയാണ്.
വിലങ്ങാട് മേഖലയിലെ വീടുകള്‍ വാസയോഗ്യമല്ലെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അത്തരം വീടുകളിലാണ് ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്നത്. വാസയോഗ്യമായ മറ്റുസ്ഥലങ്ങളിലേക്ക് ഇത്തരം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ച് സര്‍ക്കാര്‍ ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
പുതിയ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് മാർ ഇഞ്ചനാനിയിൽ
വിലങ്ങാട്: മലയോര നിവാസികളുടെ ദുരിതം പരിഹരിക്കാന്‍ പുതിയ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് ആമുഖ പ്രഭാഷണം നടത്തിയ താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ഈ മേഖലകളിലെ ഒട്ടേറെ ആളുകള്‍ ഭീതിയോടെയാണ് കഴിയുന്നത്.
അവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തണം. കെസിബിസിയുടെ ദൗത്യത്തിന് പിന്തുണ നല്കിയ നാനാജാതി മതസ്ഥരായ എല്ലാ ആളുകളെയും നന്ദിയോടെ സ്മരിക്കുന്നു. മുന്‍ സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് 15 ലക്ഷം രൂപ നല്കി. വാടക അടക്കമുള്ള സാമ്പത്തിക സഹായങ്ങളും നല്കി. വിലങ്ങാടിനെ സഹായിക്കാന്‍ സന്മനസ് കാണിച്ച സര്‍ക്കാര്‍, വിവിധ രൂപതകള്‍, സന്യാസ സഭകള്‍, സംഘടനകള്‍ എന്നിവരെയും സ്നേഹപൂര്‍വം സ്മരിക്കുന്നതായും ബിഷപ് പറഞ്ഞു.
ജനുവരിയോടെ വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും:
മാര്‍ താരാമംഗലം
വിലങ്ങാട്: വരുന്ന ജനുവരിയോടെ കെസിബിസി വയനാട്ടില്‍ പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് മാനന്തവാടി സഹായ മെത്രാന് മാര്‍ അലക്സ് താരാമംഗലം ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
പരിസ്ഥിതി ലോല മേഖലയായ വയനാടിന്റെ മണ്ണ് വ്യത്യസ്തമാണ്. വര്‍ഷകാലം അടുത്തതോടെ വയനാട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസിയുടെ ഭവന പദ്ധതി മാനവികതയുടെ പ്രകടനമാണ്. അവിടെ ജാതി മത വര്‍ണ ഭേദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ദീപികയുടെ പോരാട്ടം വിജയം കണ്ടു:ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്
വിലങ്ങാട്: പ്രകൃതി ദുരന്തബാധിതര്‍ക്കായി ദീപിക ശബ്ദമുയര്‍ത്തിയത് വിജയം കണ്ടുവെന്നും അതിന്റെ പ്രതിഫലനമായാണ് വിലങ്ങാട് ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കത്തോലിക്ക സഭയ്ക്ക് കഴിഞ്ഞതെന്നും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
വിലങ്ങാട്, മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി ദീപിക നിരവധി തവണ മുഖ പ്രസംഗം എഴുതുകയും അവരുടെ ജീവിതദുരിതം അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്തിരുന്നു. ജനപക്ഷത്തോട് ചേര്ന്നുനില്ക്കുക എന്ന ധര്‍മത്തിനുവേണ്ടി ദീപിക ഇനിയും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെസിബിസിയുമായി ഇനിയും സഹകരിക്കും: ഡോ. ഹുസൈന് മടവൂര്‍
വിലങ്ങാട്: കെസിബിസിയുടെ ഭവന നിര്‍മാണ പദ്ധതിയില്‍ പങ്കുചേരാന്‍ കഴിഞ്ഞത് ദൈവികമായ കാര്യമാണെന്ന് മേപ്പയൂര്‍ സലഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സലഫിയ കോളജിലെ വിദ്യാര്‍ഥികളാണ് ഭവന നിര്‍മാണത്തിനുള്ള സഹായധനം സ്വരൂപിച്ചത്. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി. കെസിബിസിക്കായി ഇനിയും സഹായങ്ങള്‍ നല്‍കുമെന്നും ഹുസൈന് മടവൂര്‍ വ്യക്തമാക്കി.
Tags : Mar Joseph Pamplani real Kerala Story Vilangad