തൃക്കരിപ്പുർ: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഏറ്റവുമധികം വൈകാരിക ബന്ധമുള്ള മണ്ഡലങ്ങളിലൊന്നായ തൃക്കരിപ്പുരിൽ ഇതാദ്യമായി ചെങ്കൊടി താഴ്ത്താൻ യോഗമുണ്ടായത് ഒറ്റപ്പാലത്തുകാരൻ സന്ദീപ് വാര്യർക്കാണ്. കാവിക്കൊടി താഴെവച്ച് മൂവർണക്കൊടി കൈയിലേന്തിയ സന്ദീപിനുപോലും ഇത് അപ്രതീക്ഷിതമായ ഒരു നിയോഗമായിരുന്നു.
കമ്യൂണിസ്റ്റ് സമരഭൂമികളായ കയ്യൂരും ചീമേനിയും മുനയൻകുന്നും ഉൾക്കൊള്ളുന്ന മണ്ഡലം. മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും ഇ.കെ. നായനാരെയും തെരഞ്ഞെടുത്തയച്ച മണ്ഡലം. എ.വി. കുഞ്ഞമ്പുവും ഒ. ഭരതനും സമീപകാലത്ത് കെ.പി. സതീഷ് ചന്ദ്രനും എം. രാജഗോപാലനുമടക്കമുള്ള ശക്തരായ സിപിഎം നേതാക്കൾ പ്രതിനിധീകരിച്ച മണ്ഡലം. അങ്ങനെയൊരു മണ്ഡലത്തിന്റെ ചരിത്രമാണ് ഇക്കുറി തിരുത്തപ്പെട്ടത്.
കഴിഞ്ഞ മണ്ഡല പുനർനിർണയത്തോടെയാണ് തൃക്കരിപ്പൂരിന്റെ ചുവപ്പുരാശി അല്പമെങ്കിലും മങ്ങിത്തുടങ്ങിയത്. ഇടതുകോട്ടകളായ കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകൾ പയ്യന്നൂർ മണ്ഡലത്തിലേക്ക് മാറിയതോടെയായിരുന്നു ഇത്. അതിനുശേഷം 2011ൽ മണ്ഡലത്തിലെ എൽഡിഎഫിന്റെ ഭൂരിപക്ഷം 8,765 വോട്ടുകളായി കുറഞ്ഞിരുന്നു. പക്ഷേ 2016ൽ 16,959 വോട്ടുകളുടെയും 2021ൽ 26,137 വോട്ടുകളുടെയും ഭൂരിപക്ഷവുമായി എൽഡിഎഫ് തിരിച്ചുവന്നു. ഇടക്കാലത്ത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് 10,448 വോട്ടുകളുടെ ലീഡ് നൽകിയതോടെ തൃക്കരിപ്പൂർ യുഡിഎഫിനും പ്രതീക്ഷ നൽകിത്തുടങ്ങിയിരുന്നു. ആ മാറ്റം പൂർണമായി.
കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾ ഇതേ മണ്ഡലത്തിൽനിന്നുള്ള ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലിന്റെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോൻ ജോസിന്റെയും പേരുകളാണ് ഏറ്റവുമധികം പറഞ്ഞുകേട്ടിരുന്നത്. തർക്കം നീണ്ടപ്പോൾ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുടെ പേരും ഉയർന്നു. അതിനിടയിൽ തീർത്തും അപ്രതീക്ഷിതമായാണ് സന്ദീപിന്റെ പേര് ഇവിടേക്ക് നിർദേശിക്കപ്പെട്ടത്. ഒറ്റപ്പാലത്തോ ഷൊർണൂരിലോ മത്സരിക്കാനാഗ്രഹിച്ചിരുന്ന സന്ദീപിനെ അവിടങ്ങളിൽ പരിഗണിക്കാൻ കഴിയാതിരുന്നപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ട് തൃക്കരിപ്പുരിലേക്ക് നിർദേശിക്കുകയായിരുന്നു.
ഒരുകാരണവശാലും തൃക്കരിപ്പുരിൽ ഇറക്കുമതി സ്ഥാനാർഥിയെ അനുവദിക്കില്ലെന്നുപറഞ്ഞ് തുടക്കത്തിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ പരസ്യമായ രംഗത്തുവന്നതാണ്. എന്നാൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് സന്ദീപ് തൃക്കരിപ്പൂരിൽ വന്നിറങ്ങിയതോടെ എതിർപ്പുകൾ താനേ വഴിമാറി. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സന്ദീപ് എല്ലാവർക്കും സ്വീകാര്യനായി മാറുന്നതാണ് പിന്നീട് കണ്ടത്.
മണ്ഡലത്തെ ഇളക്കിമറിക്കുന്ന പ്രചാരണമാണ് സന്ദീപ് നടത്തിയത്. ബിജെപിയിലായിരുന്ന കാലത്തെ സന്ദീപിന്റെ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും കുത്തിപ്പൊക്കി ന്യൂനപക്ഷവിഭാഗങ്ങളെ എതിരാക്കാൻ എൽഡിഎഫ് നടത്തിയ എതിർപ്രചാരണങ്ങൾ എവിടെയുമെത്തിയില്ല. മുസ്ലിം ലീഗിന്റെ അതിശക്തമായ പിന്തുണ സന്ദീപിന്റെ ചരിത്രവിജയത്തിൽ നിർണായകമാകുകയും ചെയ്തു.
Tags : red flag Thrikkarippur Sandeep Warrier wrote history