കോഴിക്കോട്/ കൊണ്ടോട്ടി: വിജയാഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിക്കുന്പോൾ സ്കൂട്ടറിനു തീപിടിച്ചും ആഹ്ലാദ പ്രകടനത്തിൽ പൊട്ടിക്കാൻ സ്കൂട്ടറിൽ ഒരുക്കിവച്ച പടക്കശേഖരത്തിലേക്കു തീപിടിച്ചുമുണ്ടായ അപകടങ്ങളിൽ രണ്ടു യുവാക്കൾക്ക് ദാരുണ മരണം.
കോഴിക്കോട് ബാലുശേരി വട്ടോളി ബസാര്‍ ജയരാമന്റെ മകന് സന്ദീപ് (34), മലപ്പുറം കൊണ്ടോട്ടിക്കടുത്ത പുളിക്കൽ പെരിയന്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) എന്നിവരാണു മരിച്ചത്.
ബാലുശേരി മരത്തുംപടിയില്‍ ഇന്നലെ രാത്രി ഏഴരയോടെയുണ്ടായ അപകടത്തിലാണ് സന്ദീപ് മരിച്ചത്. ആഹ്ലാദപ്രകടത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സ്കൂട്ടറിനു തീപിടിച്ച് ദുരന്തമുണ്ടായത്. ഇയാളുടെ ബന്ധുവും ബാലുശേരി സ്വദേശിയുമായ ജിഷ്ണു (30)വിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിക്കും മുമ്പ് സന്ദീപ് മരിച്ചിരുന്നു.
ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനങ്ങാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് കുറുമ്പൊയില്‍ ഇത്തവണ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദ് പിടിച്ചെടുത്തിരുന്നു. ദേവാനന്ദിന്റെ ബന്ധുക്കളാണ് ജിഷ്ണുവും സന്ദീപും. സന്ദീപിന്റെ ഭാര്യ: അശ്വതി (കേരള പോലീസ്).
തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിൽ പൊട്ടിക്കാൻ സ്കൂട്ടറിൽ ഒരുക്കിവച്ച പടക്കശേഖരത്തിലേക്കു തീ പടർന്നുണ്ടായ സ്ഫോടനത്തിലാണ് ഇർഷാദ് മരിച്ചത്. പെരിയന്പലം പറവൂർ റോഡിൽ ചക്കൻതൊടി ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം 6.15 നായിരുന്നു അപകടം.
ചെറുകാവ് പഞ്ചായത്ത് ഒന്‍പതാം വാർഡ് സ്ഥാനാർഥി മുസ്ലിംലീഗിലെ ജൈസിലാ നസ്റുവിന്റെ വിജയാഹ്ലാദ പ്രകടനത്തിൽ പൊട്ടിച്ചുകൊണ്ടിരുന്ന പടക്കങ്ങളിൽ ഒന്നിന്റെ തീപ്പൊരി ഇർഷാദ് ഓടിച്ച സ്കൂട്ടറിലെ പടക്ക കൂന്പാരത്തിലേക്ക് വീഴുകയായിരുന്നു. പ്രകടനത്തിനൊപ്പം തന്നെയായിരുന്നു ഇർഷാദ് സ്കൂട്ടർ ഓടിച്ചിരുന്നത്.
സ്കൂട്ടറിന്റെ ഫൂട്ട് ബോർഡിലായിരുന്നു പടക്കങ്ങൾ വച്ചിരുന്നത്. ശക്തമായ സ്ഫോടനത്തിൽ സാരമായി പൊള്ളലേറ്റ ഇർഷാദിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സ്കൂട്ടർ ഭാഗികമായി തകർന്നു.
Tags : Two dead scooters fire firecrackers bursting