തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ശനിയാഴ്ച പൂർത്തിയാകും. കേരള കോണ്‍ഗ്രസിന്റെ ചില സീറ്റുകൾ ജയസാധ്യത ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഈ കാര്യത്തിലും ശനിയാഴ്ച തീരുമാനമുണ്ടാകും.
പുതുയുഗ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്. അതിനാൽ ചർച്ച വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മുസ്ലിംലീഗുമായുള്ള സീറ്റ് വിഭജനം ഏതാണ്ട് അന്തിമഘട്ടത്തിലാണ്.
തിരുവമ്പാടി സീറ്റിലെ മാറ്റവുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. മറ്റു ഘടകകക്ഷികളുമായുള്ള ചർച്ചയ്ക്കു ശേഷമാകും ഇതു പരിഹരിക്കുക. വെള്ളിയാഴ്ച യുഡിഎഫ് പ്രകടന പത്രിക തയാറാക്കൽ സമിതിയുടെ യോഗം ചേർന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. ഇവിടെ ലീഗുമായി സീറ്റു വിഭജനം സംബന്ധിച്ച ആശയവിനിമയവും നടന്നു.
ആർഎസ്പിയുമായി ഒരു സീറ്റിൽ തർക്കം അവശേഷിക്കുന്നുണ്ട്. മട്ടന്നൂരിന് പകരം സീറ്റ് നൽകുന്നതാണ് പരിഗണന. ആർഎസ്പിയുടെ ഇരവിപുരം സീറ്റിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു മുതിർന്ന നേതാക്കൾക്കിടയിലുണ്ടായ കോലാഹലങ്ങളിലും കോണ്‍ഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്.
സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന് തിരുവനന്തപുരം സീറ്റ് നൽകാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ഡിസിസി, പ്രാദേശിക നേതാക്കൾ രംഗത്ത് എത്തിയതിലും മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്.
Tags : election seat sharing udf