തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാർ ഹോട്ടലിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മർദനമേറ്റ് വിഴിഞ്ഞം സ്വദേശി സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് തറച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സുമന്റെ ശരീരത്തിൽ ആന്തരികമായി നിരവധി പരിക്കുകളുണ്ട്. നെഞ്ചിലേറ്റ അതിശക്തമായ മർദ്ദനത്തെത്തുടർന്ന് രക്തസ്രാവമുണ്ടായി. വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയതും നെഞ്ചിലേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിഴിഞ്ഞം മുക്കോലയിലെ ബാർ ഹോട്ടലിൽ ബുധനാഴ്ച രാത്രി 12 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
ബാറിൽ മദ്യപിക്കവേ പ്രതി അച്ചുവും ഷാൻ എന്ന മറ്റൊരാളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവരുമായി മുൻപരിചയമില്ലാത്ത സുമൻ തർക്കത്തിൽ ഇടപെടുകയും തുടർന്ന് അച്ചുവും സുമനും തമ്മിൽ കയ്യാങ്കളിയാവുകയും ചെയ്തു. ബാറിന് പുറത്തെത്തിയപ്പോൾ സുമൻ അച്ചുവിനെ മർദ്ദിച്ചു. തുടർന്ന് അച്ചു തന്റെ സഹോദരൻ അനന്തുവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ചേർന്നാണ് സുമനെ അതിക്രൂരമായി തല്ലിച്ചതച്ചത്.
പത്തോളം പേർ നോക്കിനിൽക്കെയാണ് മർദ്ദനം നടന്നത്. ആരും സുമനെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, പലരും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയാണ് ചെയ്തത്. സംഭവത്തിൽ അച്ചു, അനന്തു എന്നീ സഹോദരങ്ങളെ വിഴിഞ്ഞം പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. ഇവരുൾപ്പെടെ നാലുപേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ബാർ ജീവനക്കാരും പ്രതികളും തമ്മിലുണ്ടായ തർക്കത്തിനിടെ ബാറിലെ ബൗൺസർ കുരുമുളക് സ്പ്രേ പ്രയോഗിച്ചതോടെയാണ് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് ഇവരെ പിടികൂടി.
Tags : Vizhinjam murder Postmortem report Latest News