കൊച്ചി: രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങാനുള്ള സാധ്യതാപഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ. 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്‍പ്പെടെ പഠനം നടത്തിയാണ് 18 കേന്ദ്രങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലും കൊച്ചി മെട്രോയുടെ വാട്ടർ മെട്രോകൾ തുടങ്ങാനുള്ള പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം കഴിഞ്ഞ നവംബറിലാണ് 18 കേന്ദ്രങ്ങളിൽ സാധ്യത പഠനം നടത്താൻ കെഎംആർഎലിനെ ചുമതലപ്പെടുത്തിയത്.
ശ്രീനഗർ, ഗുവാഹത്തി, തേജ്പുർ, ദിബ്രുഗഡ്, പട്ന, വരാണാസി, അയോധ്യ, പ്രയാഗ്രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം, ആൻഡമാൻ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളാണ് പഠനം പൂർത്തിയാക്കിയ പ്രധാന കേന്ദ്രങ്ങൾ. ലക്ഷദ്വീപും കൊൽക്കത്തയും ഉൾപ്പെടെയുള്ള രണ്ട് കേന്ദ്രങ്ങളിലെ പഠനം പുരോഗമിക്കുകയാണ്. കനാൽ, നദി, കായൽ, കടൽ, പോർട്ട് വാട്ടർ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ജലമേഖലകളിൽ നഗര ഗതാഗതത്തിനായി വാട്ടർ മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകൾ വിലയിരുത്തുന്നതായിരുന്നു ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.
Tags : Water metro 18 centers KMRL feasibility study